വാര്‍ത്തകളുടെ തലക്കെട്ടുകളായ സഫ ഫെബിന്‍, ഫാത്തിമ നിദ, കീര്‍ത്തന; ബാല്യതാരങ്ങള്‍ മലപ്പുറത്ത് ഒന്നിച്ചു

വാര്‍ത്തകളുടെ തലക്കെട്ടുകളായ സഫ ഫെബിന്‍, ഫാത്തിമ നിദ,  കീര്‍ത്തന; ബാല്യതാരങ്ങള്‍  മലപ്പുറത്ത് ഒന്നിച്ചു

മലപ്പുറം: അടുത്തകാലത്തായി കേരളമാകെ ചര്‍ച്ച ചെയ്ത വാര്‍ത്തകളിലൂടെ മലയാളിമനസ്സിലെ അഭിമാന ബാല്യങ്ങളായി മാറിയ സഫ ഫെബിനും ഫാത്തിമ നിദയും കീര്‍ത്തനയും ഒടുവില്‍ ഒരുമിച്ചു കണ്ടു. അന്ന് കാമറക്കണ്ണുകള്‍ക്ക് മുന്നില്‍ പതറാതെ തങ്ങള്‍ക്ക് പറയാനുള്ളത് ഉറക്കെ വിളിച്ചുപറഞ്ഞ മൂവരും പക്ഷേ അവര്‍ക്കുമാത്രമായി ഔപചാരികമായി സംഘടിപ്പിച്ച ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് അല്‍പം പരിഭ്രമിച്ചു.

തങ്ങള്‍ എങ്ങിനെയാണ് മാധ്യമവാര്‍ത്തകളിലെ തലക്കെട്ടുകള്‍ ആയതെന്ന് പറയുമ്പോള്‍ ആ മൂന്നുപേരുടെയും മുഖത്ത് കൗതുകം പ്രകടമായിരുന്നു. അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ച് സംസാരിച്ചത് ആക്‌സമികമായിട്ടായിരുന്നു. പക്ഷേ ഇന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഈ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ശരിക്കും ഭയവും ആശങ്കയുമെന്നും സഫ ഫെബിനും നിദ ഫാത്തിമയും കീര്‍ത്തനയും പറയുന്നു. കരുവാരക്കുണ്ട് ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ സഫ, മണ്ഡലത്തിലെ എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിയുടെ പ്രസംഗം ഭംഗിയായി വിവര്‍ത്തനം ചെയ്തതോടെയാണ് നാടിന്റെ അഭിമാനമായി മാറിയത്.

വയനാട്ടിലെ സര്‍വജന സ്‌കൂളില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഫാതിമ ഷെഹലയെന്ന സഹപാഠിക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ച് പൊട്ടിത്തെറിക്കുകയും ചെയ്തതോടെയാണ് കീര്‍ത്തനയും നിദ ഫാതിമയും ജനശ്രദ്ധ നേടിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള മതിയായ പരിചാരണം ലഭിക്കാതെ ഷെഹല മരിച്ചതിലുള്ള രോഷമാണ് അന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വച്ച് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് നിദയും കീര്‍ത്തനയും പറഞ്ഞു. അപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയം തോന്നിയിരുന്നില്ല. ഇപ്പോള്‍ മാധ്യമങ്ങളെയും നങ്ങളെയും അഭിസംബോധനചെയ്യുമ്പോഴാണ് പേടി. കാരണം എന്തെങ്കിലും പാളിപ്പോവുമോയെന്ന് പേടിയുണ്ടെന്നും നിദ പറഞ്ഞു.

ഇപ്പോള്‍ കുറേ ആളുകള്‍ അറിഞ്ഞത് പലനിലക്കും ബുദ്ധിമുട്ടുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടില്‍ നിന്ന് കളിക്കാന്‍ പോയാല്‍ അപ്പോഴേക്ക് വീട്ടില്‍ ആരേലും വരും. ഒരുദിവസം ഉപ്പാന്റെ കൂട കോഴിക്കോട് മാളില്‍ പോയപ്പോഴുണ്ട് അവിടെ നിന്ന് ആള്‍ക്കാര്‍ ഫോട്ടോയെടുക്കുന്നു. എങ്ങിനെയാണ് മനസിലായതെന്ന് അറിയില്ല. അപ്പോള്‍ എനിക്ക് ദേഷ്യംവന്നു- നിദ പറഞ്ഞു. എന്റെ ക്ലാസിലെ കുട്ടി ആയതിനാല്‍ ഷെഹലയ്ക്ക് വേണ്ടി കാര്യമായി ശബ്ദം ഉയര്‍ത്തണമെന്ന് തോന്നിയെന്ന് പറഞ്ഞ കീര്‍ത്തന, അന്നത്തെ സംഭവങ്ങള്‍ ഓരോന്നായി വിശദീകരിക്കുകയും ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ ആദരിക്കല്‍ ചടങ്ങിലാണ് മൂവരും ഒരുമിച്ചെത്തി വിശേഷങ്ങള്‍ പങ്കുവച്ചത്. ചടങ്ങ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.

Sharing is caring!