മലപ്പുറത്തിന്റെ അഭിമാനമായി മൊക്കനക്കാരി സഫ ഫെബിന്‍

മലപ്പുറത്തിന്റെ അഭിമാനമായി  മൊക്കനക്കാരി സഫ ഫെബിന്‍

മലപ്പുറം: സഫാ ഫബിനാണ് ഇന്നത്തെ താരം. ആത്മധൈര്യം കൊണ്ട് തന്റെ കഴിവ് പുറത്തുകാണിച്ച പ്ലസ് വണ്‍കാരിയുടെ വിജയത്തിനു പിന്നില്‍ നീരൊഴുക്കിയ പിതാവ് 22 വര്‍ഷക്കാലം പ്രവാസിയായിരുന്നു
പ്രവാസം നിര്‍ത്തിവന്ന് മുന്‍പ് ചെയ്തിരുന്ന മദ്റസാധ്യാപനത്തിലേക്ക് തന്നെയാണ് പിതാവ് ഓടാല കുഞ്ഞിമുഹമ്മദ് മസ്ലിയാര്‍ തിരിഞ്ഞത്. അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളാണ് സഫാ ഫെബിന്‍. കരുവാരക്കുണ്ട് കുട്ടത്തിയിലെ മദ്റസയിലാണ് ഇപ്പോള്‍ കുഞ്ഞിമുഹമ്മദ് പഠിപ്പിക്കുന്നത്.
രാഹുല്‍ ഗാന്ധി തങ്ങളുടെ സ്‌കൂളില്‍ മുഖ്യാതിഥിയായെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രസംഗം കേള്‍ക്കാനും മാത്രം വേദിക്കു മുമ്പിലിരിക്കുകയായിരുന്നു മറ്റനേകം വിദ്യാര്‍ഥികളില്‍ ഒരാളായി സഫ ഫെബിനും. അപ്പോഴാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയില്‍ നിന്ന് ആ ക്ഷണമുണ്ടായത്. തന്റെ പ്രസംഗം ആരെങ്കിലുമൊന്ന് പരിഭാഷ പെടുത്തുമോ എന്ന് പലരോടും ചോദിക്കുന്നുണ്ടായിരുന്നു അദ്ദേഹം. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുക്കാനുണ്ടായില്ല. അപ്പോഴാണ് സഫ ആ വെല്ലുവിളി സ്വീകരിച്ചത്.
അവസരങ്ങള്‍ ഒന്നിലധികം തവണ കണ്‍മുന്നില്‍ വന്നു മുട്ടിവിളിക്കില്ലല്ലോ എന്ന തിരിച്ചറിവുകൊണ്ടുതന്നെയാണ് ആത്മവിശ്വാസത്തോടെ കടന്നു ചെന്നതെന്ന് സഫ പറയുന്നു. താനതിന് യോഗ്യയാണോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.സഫ പറയുന്നു.
പഠിച്ച ക്ലാസിലെല്ലാം ഉയര്‍ന്ന മാര്‍ക്കുനേടി വിജയിച്ച് ഇപ്പോള്‍ കരുവാരകുണ്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവള്‍ പ്ലസ് ടുവിനു പഠിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പെര്‍ഫോമന്‍സിന് സദസും ഉഷാറായി കയ്യടിച്ചു. പ്രസംഗം സോഷ്യല്‍ മീഡിയയിലും നിറയുകയാണ്. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മികവുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി ചില പോരായ്മകളും ചൂണ്ടിക്കാട്ടി. സയന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്തു.
സഫയുടെ മികവും ധൈര്യവും ബോധ്യപ്പെട്ട രാഹുല്‍ ഗാന്ധി കുഞ്ഞുസമ്മാനവും അപ്പോള്‍ തന്നെ കൈമാറി. സ്നിക്കേര്‍സായിരുന്നു നല്‍കിയത്. ആ ഒരു നിമിഷം സഫ കണ്ണീരൊഴുക്കുകയും ചെയ്തു. സ്നിക്കേര്‍സ് നല്‍കിയപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോയെന്ന് സഫ പിന്നീട് പറഞ്ഞു.

Sharing is caring!