അവളുടെ ധൈര്യം കണ്ട് കണ്ണു നിറഞ്ഞുപോയി: രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത സഫയുടെ ഉമ്മ സാറ

അവളുടെ ധൈര്യം കണ്ട്  കണ്ണു നിറഞ്ഞുപോയി: രാഹുല്‍ഗാന്ധിയുടെ  പ്രസംഗം പരിഭാഷ ചെയ്ത  സഫയുടെ ഉമ്മ സാറ

കരുവാരകുണ്ട്: അവളുടെ ധൈര്യം കണ്ട് കണ്ണു നിറഞ്ഞുപോയി എന്ന് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത സഫയുടെ ഉമ്മ സാറ. കരുവാരകുണ്ട് കിഴക്കേതല മുനീറുല്‍ ഇസ്ലാം മദ്‌റസാ അധ്യാപകനായ ഓടാല കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും സാറയുടെയും മകളായ സഫയാണ് സ്‌കൂള്‍ ലാബ് കെട്ടിടോദ്ഘാടനം നടത്താനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്.

കരുവാരകുണ്ട് കുട്ടത്തിയിലെ മദ്റസയിലുള്ള പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ച് കരുവാരകുണ്ട് ഗവണ്‍മെന്റ് സ്‌കൂളില്‍ പ്ലസ് വണ്‍ വരെ പഠിച്ച സഫാ ഫെബിന്‍ ആണ് പെട്ടെന്ന് രാഹുല്‍ഗാന്ധി വിളിച്ചപ്പോള്‍ പ്രസംഗം പരിഭാഷപ്പെടുത്താന്‍ എത്തിയത്. രാഹുല്‍ ഗാന്ധി തങ്ങളുടെ സ്‌കൂളില്‍ മുഖ്യാതിഥിയായെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനും പ്രസംഗം കേള്‍ക്കാനും മാത്രം വേദിക്കു മുമ്പിലിരിക്കുകയായിരുന്നു മറ്റനേകം വിദ്യാര്‍ഥികളില്‍ ഒരാളായി സഫ ഫെബിനും. അപ്പോഴാണ് അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയില്‍ നിന്ന് ആ ക്ഷണമുണ്ടായത്.
തന്റെ പ്രസംഗം ആരെങ്കിലുമൊന്ന് പരിഭാഷപ്പെടുത്തുമോ എന്ന് പലരോടും ചോദിക്കുന്നുണ്ടായിരുന്നു അദ്ദേഹം. പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുക്കാനുണ്ടായില്ല. അപ്പോഴാണ് സഫ ആ വെല്ലുവിളി സ്വീകരിച്ചത്.
അവസരങ്ങള്‍ ഒന്നിലധികം തവണ കണ്‍മുന്നില്‍ വന്നു മുട്ടിവിളിക്കില്ലല്ലോ എന്ന തിരിച്ചറിവുകൊണ്ടുതന്നെയാണ് ആത്മവിശ്വാസത്തോടെ കടന്നുചെന്നതെന്ന് സഫ പറയുന്നു. താനതിന് യോഗ്യയാണോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സഫ പറയുന്നു.

പഠിച്ച ക്ലാസിലെല്ലാം ഉയര്‍ന്ന മാര്‍ക്കുനേടി വിജയിച്ച് ഇപ്പോള്‍ കരുവാരകുണ്ട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവള്‍ പ്ലസ് ടുവിനു പഠിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്രകടനത്തിന് സദസും ഉഷാറായി കയ്യടിച്ചു. പ്രസംഗം സോഷ്യല്‍ മീഡിയയിലും വൈറലായി. വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ മികവുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ ഗാന്ധി ചില പോരായ്മകളും ചൂണ്ടിക്കാട്ടി. സയന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുകയും ചെയ്തു.
മുമ്പ് ഇതുപോലെ ഒരു അനുഭവമില്ലാഞ്ഞിട്ടും പ്രശ്‌നങ്ങളില്ലാതെ പ്രസംഗം അവസാനിപ്പിക്കാനായതിന്റെ അഭിമാനത്തിലാണ് സഫ ഫെബിനിപ്പോള്‍. പൂര്‍ണപിന്തുണ നല്‍കി സഹപാഠികളും അധ്യാപകരുമുണ്ട്.

സഫ ഫെബിന്‍ മദ്‌റസാ അധ്യാപകനായ ഓടാല കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവളാണ്. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാവിഷയങ്ങളിലും എ.പ്ലസ് സ്വന്തമാക്കി. ഇപ്പോള്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. വഫിയ്യ കോഴ്‌സില്‍ ചേരാന്‍ താത്പര്യമുണ്ടായിരുന്നു. എന്‍ട്രന്‍സില്‍ നാലാം റാങ്കും ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പോകാനായില്ല. ഇതുവരെ പഠിച്ചതെല്ലാം സര്‍ക്കാര്‍ വിദ്യാലയത്തില്‍ തന്നെയായിരുന്നു. അഷ്റഫ്, അബ്ദുല്‍ ഖാദര്‍, ഷാഫി, ഗനിയ്യ്, സലീന എന്നിവരാണ് സഹോദരങ്ങള്‍.

Sharing is caring!