റീ ബില്‍ഡ് കേരളയില്‍ ഏറ്റവും വലിയ ദുരന്തംനേരിട്ട മലപ്പുറം ജില്ലയെ അവഗണിച്ചു;മുസ്ലിംലീഗ്

റീ ബില്‍ഡ് കേരളയില്‍ ഏറ്റവും വലിയ ദുരന്തംനേരിട്ട മലപ്പുറം ജില്ലയെ അവഗണിച്ചു;മുസ്ലിംലീഗ്

മലപ്പുറം: പ്രളയ പുനരുദ്ധാരണത്തിന്നായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച റീ ബില്‍ഡ് കേരള എന്ന പദ്ധതിയില്‍ മലപ്പുറം ജില്ലയെ പൂര്‍ണ്ണമായും തഴഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെ നടപടി രാഷട്രീയ വിവേചനവും പകപോക്കലുമാണെന്ന് മുസ്ലിംലീഗ് ജില്ലാകമ്മറ്റി ആരോപിച്ചു.ഇത് ജില്ലയിലെ 42 ലക്ഷം ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ നടപടി പുനഃപരിശോധിച്ച് ജില്ലയിലെ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുവാനും മുസ്ലിംലീഗ് മടിക്കില്ലെന്ന് ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി.
2018 ല്‍ പ്രളയക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 8 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന ജില്ലയാണ് മലപ്പുറം. മറ്റ് 7 ജില്ലകള്‍ക്കും റോഡുകളുടെ പുനര്‍നിര്‍മാണത്തിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ 478 കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ മലപ്പുറം ജില്ലക്ക് ഒരു രൂപ പോലും അനുവദിക്കാതിരുന്നത് രാഷ്ട്രീയ പ്രേരിതമല്ലെങ്കില്‍ മറ്റെന്ത് കാരണത്താലാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി വിശദീകരണം നല്ലണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. കാരണം അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് 7 ജില്ലകളിലെ പ്രവൃത്തികളുടെ ലിസ്റ്റ് അംഗീകരിച്ച് തുടര്‍ നടപടികള്‍ക്കായി അയച്ച് കൊടുത്തിട്ടുള്ളത്.ഗവ :ഈ നിലപാട് പുന:പരിശോധിച്ചില്ലെങ്കില്‍ ജില്ലയിലെ പ്രാദേശിക ഭരണകൂടങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ച് കൊണ്ടിരിക്കുന്ന വിധവകള്‍, ഭിന്നശേഷി ക്കാര്‍, വയോധികര്‍ തുടങ്ങിയവരെ മസ്റ്ററിംഗിന്റെ പേരില്‍ പീഡിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക, ട്രഷറിനിയന്തണം പിന്‍വലിച്ച് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ.യു എ.ലത്തീഫ് ,എം കെ ബാവ ,പി .എ.റഷീദ്, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മായീല്‍ പി മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, പി.എ.ജബാര്‍ ഹാജി, എം എം കുട്ടി മൗലവി, മുത്തുകോയ തങ്ങള്‍, എ.കെ. മുഹമ്മദ് മുസ്തഫ, അഷ്റഫ് മടാന്‍, ടി.കെ.മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കണ്ണിയന്‍ അബൂബക്കര്‍ ,കെ.കുഞ്ഞിമരക്കാര്‍, എംപി.അഷ്റഫ് ,അഡ്വ.ടി. കുഞ്ഞാലി, വെട്ടം ആലിക്കോയ, വി.മുസ്തഫ, എം.അലവി, പി പി സഫറുള്ള എം.സൈതെലവി, കെ.പി.അമീര്‍ പ്രസംഗിച്ചു.

Sharing is caring!