കാറില്‍ കടത്തുകയായിരുന്ന 10കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

നിലമ്പൂര്‍: വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന പത്തു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പൂക്കോട്ടുംപാടം പുതിയത്ത് വീട്ടില്‍ ഷാനവാസി (29)നെയാണ് കാളികാവ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജെ റോബിന്‍ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചോക്കാട് സെന്റ് തോമസ് മാര്‍ത്തോമ ദേവാലയത്തിന്റെ സമീപത്തുവച്ചു ഇയാള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിറുത്തി പിടികൂടുകയായിരുന്നു.
പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂര്‍ പ്രദേശങ്ങളിലേക്കു കാറില്‍ കൊണ്ടു പോകുകയായിരുന്ന പത്തു കിലോയോളം വരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ മയക്കുമരുന്ന് വ്യാപാര കണ്ണിയിലെ പ്രധാനികളില്‍ ഒരാളാണ് ഷാനവാസെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബംഗളൂരു, മൈസൂരു, എറണാകുളം എന്നിവിടങ്ങളിലെ മയക്കുമരുന്നു ലോബിയുമായി ഇയാള്‍ക്കു അടുത്ത ബന്ധമാണുള്ളത്. ഇന്നലെ വൈകുന്നേരം 6.50 ഓടെ മാരുതി റിറ്റ്‌സ് കാറിലാണ് ഇയാളെത്തിയത്. പരിശോധനയില്‍ ഡ്രൈവറുടെ സീറ്റിനടിയിലായും മുന്‍ ഡോറുകളില്‍ പ്രത്യേകം സജ്ജീകരിച്ച അറകളിലും ബോണറ്റിനുള്ളില്‍ കാണപ്പെട്ട അറയിലുമായി 15പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം ജില്ലയില്‍ അടുത്ത കാലത്ത് നടന്ന പ്രധാന കഞ്ചാവ് വേട്ടകളില്‍ ഒന്നാണിത്. ഗള്‍ഫിലും നാട്ടിലുമായി ബാര്‍ബര്‍ ജോലി ചെയ്തിരുന്ന ഷാനവാസ് ഏതാനും നാളുകളായി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ ബുധനാഴ്ച കഞ്ചാവ് കടത്തുന്ന വിവരം ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ടി. ഷിജുമോനു ലഭിച്ച രഹസ്യവിവരമാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്. മുമ്പു ആന്ധ്രാപ്രദേശിലും ഇയാള്‍ കഞ്ചാവുമായി പിടിയിലായിരുന്നു. മയക്കുഗുളികകളും കഞ്ചാവും കൈവശം വച്ചതിനു കാളികാവ് റേഞ്ചിലും കേസുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങളിലാണ് അറകള്‍ സജ്ജീകരിച്ച് കോട്ടക്കല്‍, പൂക്കോട്ടുംപാടം ഭാഗങ്ങളിലേക്ക് ഇയാള്‍ വന്‍ തോതില്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്നും എക്‌സൈസ് പറയുന്നു. പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍. ശങ്കരനാരായണന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.അശോക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അഫ്‌സല്‍, ഇ. ജിഷില്‍ നായര്‍, കെ.എസ് അരുണ്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]