കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത് 55പേര്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പാമ്പുകടിയേറ്റ്  മരിച്ചത് 55പേര്‍

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത് 55 പേരെന്ന് കണക്കുകള്‍. ആരോഗ്യവകുപ്പ് ഡയറക്റ്ററേറ്റില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 24,186 പാമ്പുകടിയേറ്റ സംഭവങ്ങളും ഈ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷം സപ്തംബര്‍ വരെ സംസ്ഥാനത്ത് ഏഴ് മരണങ്ങളും 4,086 പാമ്പുകടിയേറ്റ സംഭവങ്ങളും ഉണ്ടായി. ഇതില്‍ മൂന്ന് വീതം കൊല്ലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഒരെണ്ണം അലപ്പുഴയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് (1,125), കണ്ണൂര്‍ (695), പാലക്കാട് (639) എന്നീ ജില്ലകളിലാണ്.

എന്നിരുന്നാലും പാമ്പുകടിയേറ്റ് മരണനിരക്ക് കുറയുന്നുണ്ട്. 2015 ല്‍ 20 മരണങ്ങളില്‍ നിന്ന് 2016 ല്‍ 12, 2017 ല്‍ 13, 2018 ല്‍ മൂന്ന് എന്നിങ്ങനെ കുറഞ്ഞിട്ടുണ്ട്. പാമ്പുകടിയേറ്റ സംഭവങ്ങളുടെ കാര്യത്തില്‍, വര്‍ഷം തോറുമുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു സമ്മിശ്ര പ്രവണത കാണിക്കുന്നു. 2015 ല്‍ 4,024, 2016 ല്‍ 5,195, 2017 ല്‍ 5,857, 2018 ല്‍ 5,024. ഔദ്യോഗിക കണക്കനുസരിച്ച്, സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വിഷ പാമ്പുകടിയേറ്റ കേസുകളുടെ ക്ളിനിക്കല്‍, എപ്പിഡെമോളജിക്കല്‍ പ്രൊഫൈല്‍ പരിശോധിച്ച പഠനത്തില്‍ ഇത് കാര്‍ഷിക പശ്ചാത്തലമുള്ള വടക്കന്‍ കേരളത്തിലെ ഒരു പ്രധാന പ്രശ്നമാണെന്ന് കണ്ടെത്തി. അണലിയുടെ സാന്നിധ്യവും അതിന്റെ കടിയ്‌ക്കെതിരായ മരുന്നുകള്‍ ഫലപ്രദമല്ലാത്തതുമാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മാത്രം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക വിവരങ്ങള്‍ സമാഹരിച്ചത്. സ്വകാര്യ ആശുപത്രികളും പരമ്പരാഗത ഡോക്ടര്‍മാരും കൈകാര്യം ചെയ്യുന്ന പാമ്പുകടിയേറ്റ കേസുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സപ്തംബര്‍ വരെ സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ 3,404 കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 682 കേസുകള്‍ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Sharing is caring!