പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു

പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടല്‍  കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു

മലപ്പുറം: പാണക്കാട് മുനവ്വറലി തങ്ങളുടെ ഇടപെടല്‍ മൂലം കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശിയുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. ഇതുസംബന്ധിച്ച വിവരങ്ങള്‍ മുനവ്വറലി തങ്ങള്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ
പൂര്‍ണ രൂപം താഴെ:

കുവൈത്ത് ഗവണ്‍മെന്റ് വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ് നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ നാം നടത്തിയ ശ്രമങ്ങളുടെ ഫലമായി ജീവപര്യന്തമായി ഇളവ് ചെയ്തിരിക്കുന്നുവെന്ന കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇന്നത്തെ പുലരിയെ ധന്യമാക്കിയത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് അര്‍ജ്ജുന്‍ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്.മണ്ണ് കുഴിച്ച് ജലം കണ്ടെത്തുന്നത് പോലെ കാരുണ്യത്തിന്റെ ഉറവ കണ്ടെത്തേണ്ട ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്.

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നല്‍കാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളാണ് മുമ്പില്‍..
എല്ലാം സര്‍വ്വ ശക്തനില്‍ ഭരമേല്പിച്ച് ഇറങ്ങി തിരിച്ചു. സങ്കീര്‍ണ്ണമെന്ന് തോന്നിയ കാര്യങ്ങളെല്ലാം അതിരുകളില്ലാത്ത മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ പ്രവാഹത്തില്‍ നിന്നും അത്ഭുതകരമാം വിധം സാധ്യമായി.

ബ്ലഡ് മണി സ്വീകരിച്ചു പാലക്കാട്ടെ മലയാളി കുടുംബവും അര്‍ജ്ജുന്റെ ഭാര്യയും പാണക്കാട് വെച്ച് പരസ്പരം കണ്ട, അത്യന്തം വൈകാരിക സാഹചര്യം ഉറവ പൊട്ടിയൊഴുകുന്ന മനസ്സുകളുടെ വിങ്ങലുകള്‍ക്ക് വഴിമാറി. ദേശ, ഭാഷ, മത, ജാതി, വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ തുല്യതയില്ലാത്ത സന്ദര്‍ഭമായിരുന്നു അത്.

ഓര്‍ഹാന്‍ പാമുകിന്റെ നിരീക്ഷണം പോലെ കണ്ട നല്ല സ്വപ്നങ്ങളിലൊന്നെങ്കിലും സത്യമാകണമെന്ന നാം കാത്ത് സൂക്ഷിക്കുന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാകുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഇപ്പോഴെനിക്ക്.. ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എന്നോടൊപ്പം നിന്നവരേറെയുണ്ട്. നന്മയില്‍ ചാലിച്ച ഹൃദയത്തിനുടമകള്‍. പണം കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച പ്രിയ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍.ഒപ്പം നിന്ന മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഈ വിഷയത്തെ ഫോളോ അപ് ചെയ്ത കുവൈത്ത് കെ എം സി സി ഭാരവാഹികള്‍, മറ്റ് സംഘടനകള്‍,വ്യക്തികള്‍.. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!
സ്തുതികളത്രയും സര്‍വ്വശക്തന്!

Sharing is caring!