ലോകസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്തും പൊന്നാനിയിലും ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ മത്സരിച്ചേക്കും

ലോകസഭാ തെരഞ്ഞെടുപ്പ്; മലപ്പുറത്തും പൊന്നാനിയിലും ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തന്നെ മത്സരിച്ചേക്കും

മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും, പൊന്നാനിയിലും മുസ്ലിംലീഗിന്റെ സിറ്റിംഗ് എം.പിമാരായ കുഞ്ഞാലിക്കുട്ടിയും, ഇ.ടി മുഹമ്മദ് ബഷീറും തന്നെ മത്സരിച്ചേക്കും.
യു.ഡി.എഫ് സ്ഥാനാര്‍ഥികളായി ലീഗിന്റെ സീറ്റുകളില്‍ പാര്‍ട്ടിയുടെ സീനിയര്‍ നേതാക്കന്‍മാര്‍തന്നെ ലോക്‌സഭയില്‍ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വമെന്നാണ് സൂചന.
ഉപതെരഞ്ഞെടുപ്പിലൂടെ കുഞ്ഞാലിക്കുട്ടി ലോകസഭയിലെത്തിയിട്ട് ഒന്നര വര്‍ഷമായിട്ടുള്ളുവെങ്കില്‍ ഈ സമയത്തിനിടയില്‍ തന്നെ ദേശീയ തലത്തില്‍ മറ്റുനേതാക്കളുമായി അടുപ്പം സ്ഥാപിക്കാനും, പാര്‍ട്ടിക്ക് ശക്തിയാര്‍ജിക്കാന്‍ സാധിച്ചതായി പാര്‍ട്ടി വിലയിരുത്തുന്നു.
സമുദായിക വിഷയങ്ങളിലെ ലോക്‌സഭയിലെ ഇടപെടലുകളും ഉത്തരേന്ത്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എടുത്ത നിലപാടുകളുമാണ് ഇ.ടിക്ക് ഗുണം ചെയ്യുന്നത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നു. ഇത്തരം ചടങ്ങുകളില്‍ മുസ്ലിംലീഗ്പ്രതിനിധി പങ്കെടുത്തത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് കരുത്തേകി. ഇരുവരുംതന്നെ ലോക്‌സഭയിലെത്തിയാല്‍ പാര്‍ട്ടിക്കും സമുദായത്തിനും കൂടുതല്‍ ഗുണംചെയ്യുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്.

ലോകസഭയിലെ നിലവിലെ രണ്ട് സീറ്റിനു പുറമേ മൂന്നാമതൊരു സീറ്റിനുള്ള അവകാശവാദം കൂടി മുസ്ലിംലീഗ് അധികംചോദിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മലപ്പുറം, പൊന്നാനി എന്നിവക്കുപുറമേ വയനാട് സീറ്റിലേക്കു കൂടിയാണ് ലീഗ് ഉറ്റുനോക്കുന്നത്. അല്ലെങ്കില്‍ കോഴിക്കോട്, കാസര്‍കോട് സീറ്റുകളിലേതെങ്കിലുമൊന്നാകും ആവശ്യപ്പെടുക.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വിഷയങ്ങളിലെല്ലാം ലീഗ് ഇടപെടും. കണ്ണൂരിനെ രക്ഷിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സര്‍ക്കാരിന്റെ അവഗണന, ശരീഅത്ത് നിയമത്തില്‍ മുസ്ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന റൂള്‍സില്‍ മാറ്റം വരുത്തുന്നതിനും മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റിനു മുന്‍പില്‍ പിന്നാക്ക സംഘടനകളുടെ മാര്‍ച്ച് സംഘടിപ്പിക്കും. പ്രളയ ദുരിതാശ്വാസത്തിനായി പാര്‍ട്ടി സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഉടനെ വിതരണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ യു.ഡി.എഫിനെ ശക്തമാക്കുന്നതോടൊപ്പം കര്‍മമണ്ഡലം കൂടുതല്‍ വിപുലമാക്കുക കൂടിയാണ് മുസ്ലിം ലീഗ് ലക്ഷ്യമാക്കുന്നത്.

മുത്വലാഖ് വിഷയത്തിലുയര്‍ന്ന വിവാദത്തെ തരണം ചെയ്തുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഈ വിഷയം രണ്ടു ദിവസം എടുത്തു ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തിയതായും നേതാക്കള്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് അവരര്‍ഹിക്കാത്ത പ്രാധാന്യം ഉണ്ടാക്കി കൊടുത്തത് സി.പി.എമ്മാണെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. കേരളത്തില്‍ മറ്റു വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുപോലും അവസരമില്ലാതാക്കുകയാണ് ഇതിലൂടെ സി.പി.എം ചെയ്തത്. ഇതെല്ലാം സി.പി.എമ്മിനെ ജനങ്ങളില്‍ നിന്നകറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളം യു.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

Sharing is caring!