കരിപ്പൂര്‍ വിമാനത്തവളം വീണ്ടും സജീവമാകുന്നു

കരിപ്പൂര്‍ വിമാനത്തവളം വീണ്ടും സജീവമാകുന്നു

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഫെബ്രുവരി പത്തിനു ഉദ്ഘാടനം ചെയ്യും. ടെര്‍മിനലില്‍ കൗണ്ടറുകള്‍ അടക്കം ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കരാര്‍ കന്പനി വിമാനത്താവള അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗം പുതിയ ടെര്‍മിനലിലേക്കു പ്രവര്‍ത്തനം മാറ്റും. ഇതോടെ നിലവിലുള്ള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിനു മാത്രമായി മാറും. 17,000 ചതുരശ്ര മീറ്ററില്‍ രണ്ടു നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. ടെര്‍മിനലില്‍ രണ്ടു എയ്‌റോ ബ്രിഡ്ജുകള്‍, രണ്ടു എസ്‌കലേറ്റുകള്‍, മൂന്നു ലിഫറ്റുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ചു എക്‌സ്‌റേ മെഷീനുകര്‍, ഇരുനിലകളിലായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി എട്ടു ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ടെര്‍മിനലില്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയും. 120 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ രണ്ടു വര്‍ഷം മുന്പ് നിര്‍മാണം തുടങ്ങിയത്.

എയര്‍ഇന്ത്യ വലിയ വിമാന സര്‍വീസ്
റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊണ്ടോട്ടി:എയര്‍ഇന്ത്യ സൗദിയിലേക്കു സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ട് അഥോറിറ്റിയും എയര്‍ഇന്ത്യയും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറി. എയര്‍പോര്‍ട്ട് അഥോറിറ്റി ഡെല്‍ഹി കാര്യാലയമാണ് റിപ്പോര്‍ട്ട് ഇന്നലെ കൈമാറിയത്. ഫെബ്രുവരിയില്‍ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സൂചന. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാലു വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് തയാറാക്കി നല്‍കിയത്. ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീംലൈനര്‍ എന്നി വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് നല്‍കിയത്. കഴിഞ്ഞ മാസം 20നു എയര്‍ഇന്ത്യ അധികൃതര്‍ കരിപ്പൂരിലെത്തി സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വീസിനെത്തിക്കുന്ന മുഴുവന്‍ വിമാനങ്ങളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുളള റിപ്പോര്‍ട്ടാണ് കൈമാറിയത്. നേരത്തെ ജിദ്ദയിലേക്കു കരിപ്പൂരില്‍ നിന്നു പറന്നുയര്‍ന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന്റെ പേരിലാണ് നിര്‍ത്തലാക്കിയത്.

Sharing is caring!