ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മത്സരിപ്പിക്കണമെന്ന് കോടിയേരി

ശബരിമല ഉള്‍പ്പെടുന്ന  പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ  മത്സരിപ്പിക്കണമെന്ന് കോടിയേരി

എടപ്പാള്‍: ബിജെപിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മത്സരിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സി എ കുഞ്ഞുമോന്‍ സ്മാരകമന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല കോടതിവിധിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശേഷി ബിജെപിക്ക് ഇല്ല. 1959ല്‍ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടിരുന്നുവെങ്കില്‍ ഇന്ന് കാലംമാറി. 1959 അല്ല 2019 എന്ന് ഓര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാതിരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്കാണ് രാജ്യം വേദിയാകുന്നത്. തെരെഞ്ഞെടുപ്പിന് ശേഷമാണെങ്കിലും ബിജെപിക്ക് ബദലായി കോണ്‍ഗ്രസിതര മതനിരപേക്ഷ ചേരി ഉയര്‍ന്നുവരും. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ജനാധിപത്യവും മതിനിരപേക്ഷതയും ഇല്ലാതാകും. ഭരണഘടനയുടെ അടിസ്ഥാന തത്വമായ പാര്‍ലമെന്ററി ജനാധിപത്യം തകരും.
ബിജെപിക്ക് ബദലാകാന്‍ പലപ്പോഴും കോണ്‍ഗ്രസിനാകില്ലെന്നതിന്റെ തെളിവാണ് ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി മുന്നണിയുടെ പിറവി. വര്‍ഗീയതക്കെതിരായുള്ള പോരാട്ടങ്ങളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. ആര്‍എസിഎസിനോടും മൃദുസമീപനമാണ് കോണ്‍ഗ്രസിന്റേത്. സ്വന്തം എംപി, എംഎല്‍എമാരെ പാര്‍ടിയില്‍ ഉറപ്പിച്ചുനിര്‍ത്താനാകാത്ത കോണ്‍ഗ്രസിന് ബിജെപിക്കെതിരെ പോരാടാനാകില്ല.
ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് സ്വീകരിച്ച നിലപാടുതന്നെയാണ് കോണ്‍ഗ്രസിന്റേതും.
സമുദായ സംഘടനകളെ പാട്ടിലാക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. നൂറ്റാണ്ടിലെ നവോത്ഥാനത്തിന്റെ സന്ദേശമായ സ്ത്രീ – പുരുഷ സമത്വമാണ് വനിതാ മതിലില്‍ ഉയര്‍ന്നുകേട്ടത്. 30 ലക്ഷം പേരെ അണിനിരത്താന്‍ തീരുമാനിച്ചെങ്കിലും 55 ലക്ഷം വനിതകളാണ് കേരളത്തിലുടനീളം അണിചേര്‍ന്നത്.
ഹിന്ദു, മുസ്ലിം ധ്രുവീകരണമുണ്ടാക്കാനാണ് എം കെ മുനീര്‍ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചത്. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന മുസ്ലിംലീഗ് ബാബ്‌റി മസ്ജിദ് പൊളിച്ചത് അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നമുക്കാവശ്യം നാടിന്റെ വികസനവും സമാധാനവുമാണ്. കൊല്ലാനോ ആക്രമിക്കാനോ പോകുന്ന പാര്‍ടിയല്ല സിപിഐ എം. ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും കോടിയേരി പറഞ്ഞു.

Sharing is caring!