കെ.എന്‍.എ ഖാദര്‍ എംഎല്‍.എ.ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രുക്ഷ വിമര്‍ശനം നടത്തിയ മുസ്ലിംലീഗിന്റെ വേങ്ങര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വം

കെ.എന്‍.എ ഖാദര്‍ എംഎല്‍.എ.ക്കെതിരെ  സോഷ്യല്‍ മീഡിയയില്‍ രുക്ഷ വിമര്‍ശനം നടത്തിയ മുസ്ലിംലീഗിന്റെ വേങ്ങര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വം

വേങ്ങര: കെ.എന്‍.എ ഖാദര്‍ എം എല്‍ .എ.ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനം നടത്തിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ രാജി ആവശ്യവുമായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നോട്ടീസ് നല്‍കി. എം.എല്‍.എ.അഡ്വ: കെ.എന്‍.എ ഖാദറിനെതിരെ അതിരൂക്ഷമായ വിമര്‍ശനം നടത്തിയ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.മന്‍സൂറിനോട് ചെയര്‍മാന്‍ സ്ഥാനം 20ന് മുമ്പ് രാജിവെക്കാനാണ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടത്.

12 -ാംവാര്‍ഡ് ലീഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കത്ത് കിട്ടിയ മന്‍സൂര്‍ ആദ്യം നടപടി അംഗീകരിക്കുന്നതായി സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ചെങ്കിലും ഉച്ചയോടെ കളം മാറ്റി ചവിട്ടിയതായി അറിയുന്നു.മന്‍സൂറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാലുപഞ്ചായത്ത് മെമ്പര്‍മാര്‍ രാജിസന്നദ്ധതയുമായി രംഗത്തു വന്നതോടെ നേതൃത്വം വെട്ടിലാവുകയായിരുന്നു.

തുടര്‍ന്ന് ഈ നടപടി ജില്ലാ കമ്മിറ്റിയുടെ അംഗീകാരമില്ലാത്തതിനാല്‍ രാജിവെക്കില്ലെന്ന തീരുമാനമാണ് കെ.കെ.മന്‍സൂര്‍ സ്വീകരിച്ചതെന്നറിയുന്നു.സമീപകാലത്ത് മണ്ഡലം, ജില്ലാ നേതൃത്വത്തെ അംഗീകരിക്കാത്ത നിരവധി നടപടികളാണ് പഞ്ചായത്ത് ലീഗ് ഭാരവാഹികളില്‍ ഒരു വിഭാഗം കൈകൊള്ളുന്നത് എന്നാക്ഷേപം വ്യാപകമാണ്. വേങ്ങര സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ മികച്ച വിജയം കൈവരിച്ചെങ്കിലും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ജില്ലാനേതൃത്വം നിര്‍ദ്ദേശിച്ചയാള്‍ക്കെതിരെ ഒരു കോണ്‍ഗ്രസ് അംഗം മത്സരിച്ചു് ജയിക്കാനിടയായത് ലീഗിന്റെ ജില്ലാ,മണ്ഡലം നേതാക്കളുടെ തീരുമാനത്തെ അവഗണിച്ചു കൊണ്ട് പഞ്ചായത്ത് ലീഗ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ താല്പര്യമാണെന്ന ആരോപണമുയര്‍ന്നിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമായും സംഘടനാപരമായും തയ്യാറെടുപ്പ് നടത്തുന്ന സമയത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി എതിരാളികളുടെ കയ്യില്‍ ആയുധം നല്‍കുന്ന നടപടിയാണിതെന്നാണ് ഭുരിപക്ഷം ലീഗണികളും കരുതുന്നത്.പാര്‍ട്ടി അച്ചടക്കം കാത്തുസൂക്ഷിക്കണമെന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെ കൈകൊള്ളണമെന്നാണ് ഇവരുടെ പക്ഷം.എന്നാല്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രസിഡണ്ട് പറമ്പില്‍ഖാദര്‍ പറഞ്ഞു.

Sharing is caring!