മലപ്പുറത്തെ അപമാനിച്ച ജയരാജന് മാപ്പുപറയണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്
ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന സമരത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ദുഃസൂചന നിറഞ്ഞതാണെന്ന് ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്. മന്ത്രി എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണം. ജില്ലയിലെ മൊത്തം ജനങ്ങളെയും അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. കരിമണല്‍ ഖനനം മൂലം കിടപ്പാടം നഷ്ടമാകുന്ന ജനങ്ങള്‍ നടത്തുന്ന സമരത്തെ നിസാരമായാണ് മന്ത്രി കാണുന്നത്. ഇതിന്റെ തെളിവാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രസ്താവനകള്‍. നിലനില്‍പ്പിന് വേണ്ടി സമരം നടത്തുന്നവരെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം ശൈലിയാണ്. ദേശീയപാത സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും ദുഃസൂചനകള്‍ നിറഞ്ഞ പരാമര്‍ശമാണ് സിപിഎം നേതാക്കള്‍ നടത്തിയിരുന്നത്. മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്, മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയ നേതാക്കളും മലപ്പുറത്തെ ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത മേഖലയിലെ ജനങ്ങളെ അപമാനിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആലപ്പാട് നടക്കുന്ന സമരത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ടെന്ന് സമരസമിതിയുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. സോഷ്യല്‍ മീഡിയകളിലും മറ്റും വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ഇതൊന്നും മനസിലാക്കാതെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഉടന്‍ തന്നെ പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]