ഊന്നുവടിയുമായി പപ്പടം വിറ്റ മലപ്പുറം എടക്കരസ്വദേശി ഉനൈറിന് സോഷ്യല്‍ മീഡിയ സമ്മാനിച്ചത് അരക്കോടി രൂപ

ഊന്നുവടിയുമായി പപ്പടം വിറ്റ  മലപ്പുറം എടക്കരസ്വദേശി  ഉനൈറിന് സോഷ്യല്‍ മീഡിയ സമ്മാനിച്ചത് അരക്കോടി രൂപ

മലപ്പുറം: ഭാഗികമായ കാഴ്ചയുമായി ഊന്നുവടിയുടെ സഹായത്തോടെ പപ്പടം വിറ്റ ഉനൈറിന് മലയാളികള്‍ സമ്മാനിച്ചത് അരക്കോടി രൂപ. പതിനാറാം വയസില്‍ ബൈക്കില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ കൈകാലുകള്‍ക്ക് ബലക്ഷയം സംഭവിച്ച ഉനൈര്‍ ഒരു കൈയില്‍ ഊന്നുവടിയും മറുകൈയില്‍ പപ്പടക്കെട്ടുമായി ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ദിവസവും പത്ത് കിലോമീറ്ററോളം നടന്നാണ് പപ്പടം വിറ്റിരുന്നത്.
എടക്കര കരുനെച്ചിയിലെ നെച്ചിക്കാടന്‍ ഉനൈര്‍ എന്ന നാല്‍പതുകാരന്‍ ശാരീരിക അവശതകള്‍ക്കിടയിലും കുടുംബം പോറ്റാന്‍ കിലോമീറ്ററുകള്‍ നടന്ന് പപ്പടം വില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണു
സഹായങ്ങള്‍ എത്തിത്തുടങ്ങിയത്. അക്കൗണ്ട് നമ്പര്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയിരുന്നു.

ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ്ബുക്കിലൂടെ മാത്രം ഒരുലക്ഷത്തോളം പേര്‍ വീഡിയോ കാണുകയും അറുപതിനായിരത്തോളംപേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
അന്‍പത് ശതമാനത്തില്‍ താഴെ മാത്രം കാഴ്ച ശേഷിയുള്ള ഉനൈറിന്റെ പപ്പട വില്‍പന സുശാന്ത് നിലമ്പൂരെന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് യാത്രക്കിടയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. വീഡിയോ കണ്ട് ഉനൈറിന് കാരുണ്യത്തിന്റെ കരങ്ങളുമായി മലയാളികളെത്തി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഇതുവരെ എത്തിയത് അരക്കോടി രൂപയുടെ സഹായമാണ്.
സാമൂഹ്യ മാധ്യമങ്ങള്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരുടേത് മാത്രമല്ല , നന്‍മയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മതിലുകളില്ലാത്ത തുരുത്തു കൂടിയാണെന്ന് തെളിയിക്കുകയാണ് മലയാളികള്‍. മാതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണിന്ന് ഉനൈര്‍. ഒന്‍പത് മാസം മുമ്പ് പിതാവ് അബ്ദുല്ല മരിച്ചു. രാവിലെ ചുങ്കത്തറയില്‍ പോയി പപ്പടവും വാങ്ങി ഉള്‍പ്രദേശങ്ങളിലൂടെ വില്‍പനക്കിറങ്ങും. ഒരു ദിവസം മിച്ചമുണ്ടാകുക 250 മുതല്‍ 300 രൂപ വരെ മാത്രം. സമീപത്തെ വീടുകളില്‍ ജോലിക്ക് പോയി ഉനൈറിന് ചെറിയ കൈതാങ്ങായിരുന്ന ഉമ്മ ഫാത്വിമക്ക് ഇതിനിടെ ബ്ലഡ് ക്യാന്‍സറും ബാധിച്ചു. ഇപ്പോള്‍ മൂന്ന് മാസമായി ഇവര്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. സുമനസുകള്‍ നല്‍കിയ പണം കൊണ്ട് ഉമ്മയുടെ രോഗം ഭേദമാക്കണമെന്നാണ് ഉനൈറിന്റെ ആദ്യത്തെ ആഗ്രഹം. വീടിനടുത്ത് ഒരു പെട്ടിക്കട നടത്തണമെന്നുണ്ടെങ്കിലും സഹായത്തിന് ഉമ്മവേണം. രോഗം മാറി ഉമ്മ വേഗം വരുമെന്ന് തന്നെയാണ് ഉനൈറിന്റെ പ്രതീക്ഷ. അഞ്ച് സെന്റ് സ്ഥലത്തുള്ള പഴയ ഓടിട്ട വീട് മാറ്റി ചെറിയ വീടൊന്ന് വെക്കണം. ഇങ്ങനെ ആഗ്രഹങ്ങള്‍ പലതുണ്ട് ഉനൈറിന്. ബാക്കിയുണ്ടാകുന്ന തുക തന്നേക്കാള്‍ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് നല്‍കണമെന്ന് പറയുമ്പോള്‍ ഉനൈര്‍ തന്റെ ഇല്ലായ്മകളെ മറക്കും. മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിച്ചു കൂടെ എന്ന ചോദ്യത്തിന് വീഡിയോ ദൃശ്യത്തില്‍ ഇദ്ദേഹം നല്‍കിയ മറുപടി ഹൃദയം തുളക്കുന്നതായിരുന്നു.
പടച്ചോന്‍ നമുക്ക് കൈയ്യും കാലുമൊക്കെ തന്നില്ലേ, പിന്നെ എങ്ങനെ മറ്റൊരു മനുഷ്യനോട് ചോദിക്കുന്നത്, അത് രണ്ടാം നമ്പറല്ലേ, എന്റെ കൈയും കാലും കൊണ്ട് ഞാന്‍ അധ്വാനിച്ച് ജീവിക്കുമെന്ന ഉനൈറിന്റെ മറുപടിക്കാണ് കേരളം ലൈക്കടിച്ചത്. തന്നെ സഹായച്ചവരോട് ഏറെ നന്ദിയുണ്ടെന്നും അഞ്ച് സമയത്തെ നിസ്‌കാരത്തിലും അവര്‍ക്കായി പ്രാര്‍ഥിക്കാന്‍ മാത്രമാണ് തനിക്ക് കഴിയൂ എന്നും ഉനൈര്‍ പറഞ്ഞു.

Sharing is caring!