പെരിന്തല്‍മണ്ണയില്‍ കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണയില്‍  കഞ്ചാവുമായി ഏഴ്  പ്ലസ്ടു വിദ്യാര്‍ത്ഥികള്‍  അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കഞ്ചാവുമായി ഏഴ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പൊന്ന്യാകുര്‍ശ്ശിയില്‍ വെച്ച് ഇവരെ പൊലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത കഞ്ചാവിന്റെ മുഖ്യവിതരണക്കാരനായ അബ്ദുള്‍ഹക്കീമിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലും ചോദ്യം ചെയ്തതിലും നഗരത്തിലെയും പരിസരങ്ങളിലേയും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ ടൗണിലും പരിസര പ്രദേശങ്ങളിലും മഫ്ടിയിലും മറ്റും പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.

പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി സ്വദേശികളായ ഷാഹുല്‍ഹമീദ് (18), അനീസ് പൊട്ടന്‍താടി (21), പൊന്നക്കാട്ടുകുഴിയില്‍ മുഹമ്മദ് സഫ്വാന്‍ (18), മുഹമ്മദ് ഷിനാദ് (18), ചോരമ്പന മുഹമ്മദ് സിയാന്‍ (18), കാപ്പുള്ളി മുഹമ്മദ് ഷാഹില്‍ (18), മണ്ണേങ്ങല്‍ ഷാഹുല്‍ ഇബ്‌നു ബഷീര്‍ (18) എന്നിവരെയാണ് പൊന്ന്യാകുര്‍ശ്ശി അക്കരെയില്‍വച്ച് പെരിന്തല്‍മണ്ണ സി.ഐയും സംഘവും പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതില്‍ അലനല്ലൂര്‍, പുലാമന്തോള്‍, കൊപ്പം ഭാഗങ്ങളില്‍ ചെറുകിട വില്‍പ്പനക്കാരെക്കുറിച്ചും കഞ്ചാവ് ഉപയോഗിക്കുന്ന കൂടുതല്‍ വിദ്യാര്‍ത്ഥികളെക്കുറിച്ചും വിവരം ലഭിച്ചതായും ക്ലാസില്‍ തുടര്‍ച്ചയായി വരാതിരിക്കുകയും ലഹരി ഉപയോഗ ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍ പൊലീസിനെ അറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും സി.ഐ ടി.എസ്.ബിനു അറിയിച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ ലഹരിമുക്തമാക്കുന്നതിന് കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിച്ചുവരുന്നുണ്ട്. പെരിന്തല്‍മണ്ണ സി.ഐ ടി.എസ്.ബിനു, വനിതാ എസ്.ഐ രമ, സി.പി.ഒമാരായ രാജേഷ്, ഷിഹാബ്, വിപിന്‍ ചന്ദ്രന്‍, അനീഷ്, പ്രഫുല്‍, ദിനേശ്, ടൗണ്‍ ഷാഡോ പൊലീസ് ടീം എന്നിവരാണ് പരിശോധന നടത്തുന്നത്.

Sharing is caring!