ഇന്നത്തെ ഇന്ത്യ-യു.എ.ഇ മല്‍സരം കിഴക്കേതലയില്‍ ബിഗ് സ്‌ക്രീനില്‍

മലപ്പുറം: പ്രീതി സില്‍ക്‌സും മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറവും ചേര്‍ന്ന് ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ യു.എ.ഇ യുമായുള്ള മല്‍സരം വ്യാഴാഴ്ച രാത്രി 9നു കിഴക്കേതല പിക്കപ്പ് സ്റ്റാന്‍ഡ് പരിസരത്ത് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശ്ശിപ്പിക്കും.

ഏഷ്യന്‍ കപ്പില്‍ രണ്ടാം ജയം തേടിയാണ് ഇന്ത്യ ഇന്ന് യു.എ.ഇക്കെതിരെ കളത്തിലിറങ്ങുന്നത്. സമനില പിടിക്കാന്‍ കഴിഞ്ഞാല്‍പോലും ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടിലേക്ക് സാധ്യതയുണ്ട്. എന്നാല്‍ യു.എ.ഇക്ക് ഇന്നത്തേത് ജീവന്‍മരണ പോരാട്ടമാണ്. ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മല്‍സരം.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തായ്‌ലന്റിനെ തകര്‍ത്തെറിഞ്ഞതിന്റെ വര്‍ധിത വീര്യത്തോടെയാണ് ഇന്ത്യയുടെ നീലക്കടുവകള്‍ ഇന്ന് അബൂദബി സ്‌പോര്‍ട്‌സിറ്റി മൈതാനത്തിറങ്ങുക. എ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ഇന്ത്യക്ക് നോക്കൗട്ട് റൗണ്ടിലേക്ക് സാധ്യത ഏറെയാണ്. ആദ്യമല്‍സരത്തില്‍ ബഹ്‌റൈനോട് സമനില വഴങ്ങിയ യു.എ.ഇക്ക് ഒരു പോയന്റേയുള്ളൂ. ഇന്ത്യക്ക് മുന്നില്‍ അടിപതറിയാല്‍ ആദ്യറൗണ്ടില്‍ ആതിഥേയര്‍ പുറത്തുപോകുന്ന നാണക്കേടാവും യു.എ.ഇയെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം മണ്ണില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പതിനെട്ട് അടവും യു.എ.ഇ പുറത്തെടുക്കും.

13 തവണയാണ് ഇന്ത്യയും യു.എ.ഇയും ഫുട്‌ബോള്‍ മൈതാനിയില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. എട്ട് തവണ ജയം യു.എ.ഇക്കൊപ്പമായിരുന്നു. മൂന്ന് സമനിലയും രണ്ട് വിജയവുമാണ് ഇന്ത്യ നേടിയത്. പക്ഷെ സുനില്‍ ഛേത്രിയും ആഷിഖും പെഖുലയുമെല്ലാം അറിഞ്ഞുകളിച്ചാല്‍ ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ പുതിയ ചരിത്രമെഴുതും.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *