മുജീബ് നാമധാരികളെല്ലാം മഞ്ചേരിയില്‍ ഒത്തുകൂടി, രണ്ടു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

മുജീബ് നാമധാരികളെല്ലാം  മഞ്ചേരിയില്‍ ഒത്തുകൂടി, രണ്ടു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും

മഞ്ചേരി: വാട്സാപ്പും ഫെയ്സ്ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ കൂട്ടായ്മകളുടെ കൂട്ടായ്മകള്‍ വരെ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുജീബ് നാമധാരികളുടെ സംഗമം വിസ്മയമായി. ഒരു പ്രത്യേക പേരുള്ളവരുടെ കൂട്ടായ്മകളും സംഗമങ്ങളും ഇതാദ്യമല്ലെങ്കിലും മുജീബ് കൂട്ടായ്മക്ക് പ്രത്യേകതകളേറെയാണ്. സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള മുജീബുമാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മയുടെ നന്മക്കായി ഉപയോഗിക്കാന്‍ തീരുമാനമെടുത്തിരിക്കയാണ്. ഇതിനായി മുജീബ് ചാരിറ്റബിള്‍ സൊസൈറ്റി കേരള എന്ന പേരില്‍ സൊസൈറ്റി ആക്ട് പ്രകാരം കൂട്ടായ്മ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. സൊസൈറ്റിക്കു കീഴില്‍ അംഗങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ്, സാമ്പത്തിക സഹായം, നിക്ഷേപ പദ്ധതികള്‍ എന്നിവയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, നിര്‍മ്മാണ കരാര്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി കാര്‍ഷിക വൃത്തിവരെ ഉള്‍പ്പെടുത്തും. ഇത്തരത്തിലുള്ള വിവിധ പദ്ധതികള്‍ വഴി ലഭിക്കുന്ന ലാഭത്തിന്റെ 25 ശതമാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനമായി. സംസ്ഥാന തലത്തില്‍ മുജീബുമാരെ പരമാവധി കൂട്ടായ്മയില്‍ ഉള്‍പ്പെടുത്താനും നിലവിലെ അംഗങ്ങളില്‍ ഭവനരഹിതരും നിര്‍ധനരുമായ രണ്ടു പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും മഞ്ചേരിയില്‍ ചേര്‍ന്ന സംഗമം തീരുമാനമെടുത്തു.
മാനുഷിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ മതപരമായും രാഷ്ട്രീയപരമായുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ 14 ജില്ലകളില്‍ നിന്നായി എത്തിയ അഞ്ഞൂറിലധികം മുജീബുമാര്‍ ഒത്തുകൂടിയത് വിസ്മയമായി. മഞ്ചേരി തുറക്കല്‍ എച്ച് എം എസ് എ യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമം മക്ക കെ എം സി സി ഭാരവാഹി മുജീബ് റഹ്മാന്‍ പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മേലാറ്റൂര്‍ എപ്പിക്കാട് എ എം എല്‍ പി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ മുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ ഇസ്ലാമിക മാനം എന്ന വിഷയത്തെ ആസ്പദമാക്കി റാഷിദ് ഗസ്സാലിയുടെ പ്രഭാഷണം, മാജിക് ഷോ, ഗാനമേള എന്നിവ സംഗമത്തിന് കൊഴുപ്പേകി. ഡോക്ടറോടൊപ്പം, നിയമങ്ങളും കൂട്ടായ്മകളും, സ്നേഹാദരവ് തുടങ്ങിയ സെഷനുകള്‍ക്ക് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജിലെ ഡോ. മുജീബ് റഹ്മാന്‍, മഞ്ചേരി ബാറിലെ അഭിഭാഷകന്‍ മുജീബ് റഹ്മാന്‍, കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ പൂഞ്ചീരി മുജീബ്, സര്‍പ്പങ്ങളെ പിടികൂടി പ്രശസ്തനായ പാമ്പ് മുജീബ്, പ്രമുഖ വ്യവസായി എന്‍ ടി മുജീബ് മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഐഡിയല്‍ മുജീബ് റഹ്മാന്‍ സ്വാഗതവും നടക്കാവ് മുജീബ് നന്ദിയും പറഞ്ഞു.

Sharing is caring!