ആലത്തൂര്‍പടി സ്വദേശി പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ആലത്തൂര്‍പടി സ്വദേശി പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ്  വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി: പിതാവ് ഓടിച്ച ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. മേല്‍മുറി ആലത്തൂര്‍പടി ചാലാട്ടില്‍ കള്ളാടിത്തൊടി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (11) ആണ് മരിച്ചത്. ഇന്നലെ പകല്‍ 11.30ന് മുള്ളമ്പാറയിലാണ് അപകടം. കഴുത്തില്‍ ചെറിയ മുഴ വന്നതിനെ തുടര്‍ന്ന് മുഹമ്മദ് നിഹാലിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്നു ഇരുവരും. ഓട്ടോ ഡ്രൈവറായ മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നത്. എതിരെ അശ്രദ്ധമായി ഓടിച്ചു വന്ന മറ്റൊരു വാഹനത്തില്‍ നിന്നും ഓട്ടോ റിക്ഷ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മുള്ളമ്പാറ വിളക്കുമഠത്തില്‍ അബ്ദുല്‍ ജബ്ബാര്‍ എന്ന മാനുപ്പയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മതിലില്‍ ഇടിച്ചു മറിഞ്ഞു. ഓട്ടോയുടെ അടിയില്‍പ്പെട്ടായിരുന്നു മുഹമ്മദ് നിഹാലിന്റെ ദാരുണാന്ത്യം. മേല്‍മുറി എം എം ഇ ടി അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നിഹാലിന്റെ മാതാവ്: സജ്‌ന. സഹോദരി: ഫാത്തിമ നിഷ്ഹ. മഞ്ചേരി അഡീഷണല്‍ എസ്‌ഐ കുഞ്ഞിമുഹമ്മദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലത്തൂര്‍പടി ജുമാമസ്ജിദില്‍ ഖബറടക്കി.

Sharing is caring!