അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ മലപ്പുറം പാണമ്പ്രയിലെ പള്ളിയിലും മദ്രസയിലും സൗകര്യമൊരുക്കി

അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കാന്‍ മലപ്പുറം പാണമ്പ്രയിലെ  പള്ളിയിലും മദ്രസയിലും സൗകര്യമൊരുക്കി

തേഞ്ഞിപ്പലം: അയ്യപ്പ ഭക്തര്‍ക്ക് പാണമ്പ്ര മദ്രസാ അങ്കണത്തില്‍ സൗകര്യം ഒരുക്കി കൊടുത്തു മുസ് ലിം സഹോരന്മാര്‍ മാതൃകയായി..തേഞ്ഞിപ്പലം പാണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്രസാ കമ്മറ്റി ഭാരവാഹികളും ജീവനക്കാരുമാണ് പള്ളിയോട് ചേര്‍ന്നുള്ള മദ്രസാ അങ്കണത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കിയത്.രാവിലെ ഏഴ്മണിയോടെ കര്‍ണാടക ബെല്ലാരിയില്‍ നിന്നെത്തിയ അയ്യപ്പഭക്തരുടെ സംഘം വിശ്രമിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും ഭക്ഷണം കഴിക്കാനും അനുവാദം ചോദിക്കുകയായിരുന്നു.

30 ഓളം പേരടങ്ങുന്ന സംഘമായിരുന്നു ഇവര്‍.പാണമ്പ്രപള്ളിയും അതിനോട് ചേര്‍ന്ന മദ്രസാ മുറ്റത്തെ വിശാലമായ സ്ഥലവും കണ്ട അയ്യപ്പഭക്തര്‍ പള്ളിമുറ്റത്ത് നില്‍ക്കുകയായിരുന്ന മുഅദ്ദിന്‍ അലി ഫൈസിയെ സമീപിക്കുകയായിരുന്നു. ഉടന്‍ തന്നെ അലി ഫൈസി കമ്മറ്റിക്കാരില്‍ നിന്ന് സമ്മതം വാങ്ങി അയ്യപ്പഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു.മദ്രസാഅധ്യാപകരായ ചോനാരി അലി ഫൈസി, റാഷിദ് വാഫി അമാനത്ത് ,ശഹീം ഫൈസി വയനാട് ,കമ്മിറ്റി മെമ്പര്‍മാരായ കെ. സൈനുദ്ദീന്‍ ഹാജി, തോട്ടത്തില്‍ സാലിഹ്, പി എം.ഇഖ്ബാല്‍, കോണ്‍ട്രാക്ടര്‍ മുഹമ്മദ് ബാബു ,എസ് കെ.എസ്എസ് എഫ് വിഖായ വളണ്ടിയര്‍ അഷ്‌റഫ് ,ദര്‍സ് വിദ്യാര്‍ത്ഥികളും സ്വാമി മാര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കി.

നീണ്ട യാത്രക്കിടെ പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് ബുദ്ധിമുട്ടി സ്വാമിമാര്‍ സൗകര്യമുള്ള സ്ഥലം നോക്കി പോരുന്നതിനിടയിലാണ് പാണമ്പ്ര മസ് ജിദിന്റെ വിശാലമായ അങ്കണം ശ്രദ്ധയില്‍പ്പെട്ടത്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ള സൗകര്യവും ഇവര്‍ക്ക് വിട്ട് നല്‍കി. വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാന്‍ വരെ ആവശ്യമായ സൗകര്യം ഒരുക്കി. 30 പേര്‍ക്കുള്ള ഭക്ഷണം അവിടെ വെച്ച് സ്വാമിമാര്‍ പാകം ചെയ്തു.കയ്യില്‍ കരുതിയനെയ്യപ്പവും പേടയും അടക്കമുള്ള മധുരം അവിടെ കൂടിയ മുസ് ലിം സഹോദരന്മാര്‍ക്ക് നല്‍കുകയും ചെയ്തു. സൗകര്യം ഒരുക്കി തന്നവര്‍ക്ക് നന്ദി അറിയിച്ച ശേഷമാണ് ശബരിമലയിലേക്ക് ഇവര്‍ യാത്ര തുടര്‍ന്നത്.

Sharing is caring!