ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു

ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക്  മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള  വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു

മലപ്പുറം: പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള പ്രതിഷേധത്തിന് ഫലം കണ്ടു. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള വിമാന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. പ്രവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ സഫലമായത്. നിലവില്‍ മൃതദേഹം തൂക്കി നോക്കി ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ഈ രീതി അവസാനിപ്പിക്കണമെന്നായിരുന്നു പ്രവാസകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലേക്കും ഇനി മുതല്‍ ഒരേ നിരക്കായിരിക്കും ഉണ്ടാവുക. പന്ത്രണ്ടു വയസ്സിനു താഴെ, മുകളില്‍ എന്നിങ്ങനെ രണ്ടു തട്ടുകളാക്കിയാണ് നിരക്ക് ഏകീകരണം. പന്ത്രണ്ട് വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് പകുതി നിരക്കാണ് ഈടാക്കുക. ഇതിനൊപ്പം തന്നെ 110 ദിര്‍ഹം കസ്റ്റംസ് ഡ്യൂട്ടിയും നല്‍കണം. പന്ത്രണ്ടു വയസിന് മുകളില്‍ ഓരോ രാജ്യത്തിനും നിശ്ചയിച്ച നിരക്കുകള്‍ ഈടാക്കും. പുതിയ നിരക്കുകള്‍ പ്രകാരം സഊദിയില്‍ നിന്നും പന്ത്രണ്ടു വയസ്സ് കഴിഞ്ഞവരുടെ മൃതദേഹങ്ങള്‍ക്ക് 2200 സഊദി റിയാല്‍ (40939 രൂപ) യാണ് നല്‍കേണ്ടി വരിക. ദുബൈയില്‍നിന്ന് 1500 ദിര്‍ഹം (28504 രൂപ), ഒമാനില്‍നിന്നും 160 ഒമാനി റിയാല്‍ (29040 രൂപ), കുവൈറ്റ്- 175 കുവൈത്ത് ദിനാര്‍ (40275), ബഹ്റൈന്‍- 225 ബഹ്റൈന്‍ റിയാല്‍ (40836 രൂപ), ഖത്തര്‍- 2200 റിയാല്‍ (42177 രൂപ) എന്നിങ്ങനെയാണ് നിരക്ക്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലാണ് ഈ നിരക്ക്.

പുതിയ നിരക്ക് കൂടാതെ, ഓരോ രാജ്യങ്ങളില്‍ നിന്നും എംബാം അടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടി പണം നല്‍കണം. സഊദിയില്‍ എംബാം നടപടികള്‍ക്കു ചിലവ് മാത്രം ആറായിരം റിയാല്‍ ( 111614 രൂപ) ആണിപ്പോള്‍ . ഇതോടൊപ്പം, മൃതദേഹം നാട്ടിലേക്കയക്കുന്നതിനു വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്ക് കൂടി പരിഗണിച്ചാല്‍ സഊദിയില്‍ നിന്നും നാട്ടിലേക്ക് മൃതദേഹം അയക്കാന്‍ വന്‍തുക നല്‍കേണ്ടി വരും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ക്ലയിമിങ്ങിനു ശേഷം തുക ലഭിക്കുമെങ്കിലും പരിരക്ഷ ലഭിക്കാത്തവരുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ പണം ഇത്രയും തുക കുടുംബങ്ങളോ ഇതിനായി രംഗത്തുള്ളവര്‍ കണ്ടെത്തുകയോ ചെയ്യേണ്ടി വരും.
ജനുവരി അഞ്ചു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും

Sharing is caring!