സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍കൂട്ടമെന്ന് കരുതുന്നില്ല – കെടി ജലീല്‍

മലപ്പുറം: മതസംഘടനാ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. മന്ത്രിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് ഇകെ, എപി വിഭാഗം നേതാക്കള്‍ മന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് പുതിയ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അഴീക്കോട്ടെ യു.ഡി.എഫ് MLA യുടെ നിയമസഭാംഗത്വം റദ്ദാക്കാന്‍ ഹൈക്കോടതി ആധാരമാക്കിയ നോട്ടീസിലെ വാചകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോട് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായമെന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനവര്‍ നേരിട്ടു മറുപടി പറയാതെ ചില പാതിരാ പ്രസംഗകരെ ഇറക്കിവിട്ട് ഇസ്ലാം മതത്തില്‍ നിന്നുതന്നെ എന്നെ പുറത്താക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. ആ മുറുക്കാന്‍ പൊതി കയ്യിലിരിക്കട്ടെ. ഇനി കാര്യത്തിലേക്ക് വരാം.
ആരാണ് സ്വര്‍ഗ്ഗ ലബ്ധിക്ക് അര്‍ഹരായവര്‍?
സ്വര്‍ഗ്ഗം ഏതെങ്കിലും വിഭാഗക്കാര്‍ക്കോ ദേശക്കാര്‍ക്കോ നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചവര്‍ക്കോ മാത്രം അവകാശപ്പെട്ടതാണോ? ഞാന്‍ മനസ്സിലാക്കിയ ഖുര്‍ആനും പ്രവാചക ചര്യയും പ്രകാരം ജീവിതത്തില്‍ തിന്‍മയെക്കാള്‍ നന്മ ഒരംശം അധികരിപ്പിച്ച സര്‍വ്വ മനുഷ്യര്‍ക്കും അവകാശപ്പെട്ടതത്രെ സ്വര്‍ഗ്ഗം. നിരാലംബര്‍ക്കും അനാഥര്‍ക്കും നിരാശ്രയര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്കും ആരാധനകളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അത് അനുഷ്ഠിക്കുന്നവര്‍ക്കും സല്‍പ്രവൃത്തികള്‍ കൊണ്ട് ജീവിതം അലങ്കരിക്കുന്നവര്‍ക്കും പടച്ച തമ്പുരാന്‍ പരലോകത്ത് കരുതി വെച്ചിട്ടുള്ള സംവിധാനമാണത്. ആരാണ് സ്വര്‍ഗ്ഗത്തിലെന്നോ ആരാണ് നരകത്തിലെന്നോ നിശ്ചയിക്കാനുള്ള അധികാരം വിശുദ്ധ ഖുര്‍ആന്‍ ഒരു പടപ്പിനും അനുവദിച്ചു നല്‍കിയിട്ടില്ല. എന്നിരിക്കെ ‘സിറാത്ത്’ പാലം (നരകത്തിന് മുകളിലൂടെ കെട്ടിയ സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം) കടക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയത്? മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും മദര്‍ തരേസയും എ.കെ.ജി യും സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകുമെന്ന് കരുതാനാണ് എനിക്കിഷ്ടം.
ഇസ്ലാമിനെ കേള്‍ക്കാതെയും മനസ്സിലാക്കാതെയും ജീവിച്ച്, കാലയവനികക്കുള്ളില്‍ മറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ജീവിക്കാനുള്ളവരുമായ, സല്‍പ്രവൃത്തികള്‍ ചെയ്യുന്ന മനുഷ്യരൊക്കെയും, അവര്‍ ഒരു പ്രത്യേക ബ്രാന്‍ഡുകാരല്ലാ എന്ന ഒരേ ഒരു കാരണത്താല്‍ നരകത്തിലായിരിക്കും പ്രവേശിപ്പിക്കപ്പെടുക എന്നു കരുതാന്‍ ക്രൂരന്‍മാരില്‍ ക്രൂരര്‍ക്കു മാത്രമേ കഴിയൂ. ഒരുറുമ്പിനെപ്പോലും നോവിക്കാതെ, നല്ലതുമാത്രം ചെയ്ത് ജീവിതം സുരഭിലമാക്കിയ മനുഷ്യന്, മരണാനന്തര ജീവിതത്തില്‍ ലഭിക്കുമെന്ന് വിശ്വാസികള്‍ കരുതുന്ന സ്വര്‍ഗ്ഗത്തെ ആരും ഇലക്ട്രിക് മതിലു കെട്ടി ‘ഞമ്മന്റെ’ ആളുകള്‍ക്കു മാത്രമായി കുടുസ്സാക്കി പരിമിതപ്പെടുത്താതെ നോക്കിയാല്‍ അതാകും ഇസ്ലാമിന്റെ സാര്‍വ്വലൗകികതയുടെ ഏറ്റവും മഹത്തരമായ അടയാളം.
ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില ‘മഹാന്‍മാര്‍’ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ് സ്വര്‍ഗ്ഗമെങ്കില്‍ ഞങ്ങളെപ്പോലുള്ളവരെ നിങ്ങള്‍ നരകത്തിലേക്ക് തള്ളി വിട്ടോളൂ. ഒരു പരിഭവവുമില്ല. മുസ്ലിങ്ങളിലെ അവാന്തര വിഭാഗങ്ങളില്‍ പെടുന്ന വിശ്വാസികളെയും സുന്നികളില്‍ തന്നെ ഇരു വിഭാഗങ്ങളില്‍ പെടുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പരസ്പരം നരകത്തിലാക്കുന്ന ജോലിയാണല്ലോ ഇവരെപ്പോലുള്ളവര്‍ കാലങ്ങളായി എടുത്തു കൊണ്ടിരുന്നത്.
ലോകത്തോളം വിശാലമായ ഇസ്ലാമിക ദര്‍ശനത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ക്കായി അതിസങ്കുചിതമാക്കി അപഹസിക്കുന്നതിനെക്കാള്‍ വലിയ പാപം മറ്റെന്തുണ്ട്? ‘സിറാത്ത്’ പാലം കടക്കാത്തവരെ പാലം കടക്കുന്നവരാക്കി എന്നും പറഞ്ഞ് എന്നെ ഇസ്ലാമില്‍ നിന്ന് പടിയടച്ച് പിണ്ഡം വെക്കാന്‍ വിശ്വാസ ഭ്രാന്ത് തലക്ക് പിടിച്ച് മത്തായവര്‍ കച്ചകെട്ടി ഇറങ്ങേണ്ട. ആരുടെയെങ്കിലും ഊരമ്മേല്‍ കെട്ടിയ കൂരയാണ് ഇസ്ലാംമത വിശ്വാസമെന്നും ഏതെങ്കിലും സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍കൂട്ടം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നതെന്നും കരുതുന്ന ആളല്ല ഞാന്‍. അതു കൊണ്ട് തന്നെ എനിക്കതിലൊന്നും ഒട്ടും ഭയപ്പാടുമുണ്ടാകില്ല. അങ്ങിനെയൊക്കെ ആശങ്കപ്പെടുന്നവരോട് മതി നിങ്ങളുടെ വിരട്ടലും കണ്ണുരുട്ടലും.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]