ഹര്‍ത്താലിനെ മലപ്പുറം കൈവിട്ടു, ബസുകള്‍ അടക്കം സര്‍വീസ് നടത്തുന്നു

ഹര്‍ത്താലിനെ  മലപ്പുറം കൈവിട്ടു,  ബസുകള്‍ അടക്കം  സര്‍വീസ് നടത്തുന്നു

മലപ്പുറം: ബി.ജെ.പിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ കൈവിട്ട് മലപ്പുറം. ആദ്യ മണിക്കൂറുകളില്‍ സ്വകാര്യ ബസുകള്‍ അടക്കം സര്‍വീസ് നടത്തി. മിക്കയിടത്തും വ്യാപാര സ്ഥാപനങ്ങളും തുറന്നു. ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെങ്കിലും ആദ്യമായാണ് ഹര്‍ത്താല്‍ ദിവസം ഇത്ര സജീവമായി നാട്ടുകാര്‍ പുറത്തിറങ്ങുന്നതും സ്വകാര്യ ബസുകള്‍ അടക്കം സര്‍വീസ് നടത്തുന്നതും. ആദ്യമണിക്കൂറുകളിലെ അവസ്ഥയാണിത്.

അവിചാരിതമായ ഹര്‍ത്താല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുജീവിതം സുഗമമാക്കുന്നതിന് എല്ലാം നടപടികളും സ്വീകരിച്ചതായി ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മതിയായ
പൊലീസ് സംരക്ഷണം നല്‍കും. കടകള്‍ തുറക്കുന്നവര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ നല്‍കും. കടകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ഹര്‍ത്താലിന്റെ മറവില്‍ ആക്രമങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടപരിഹാരം കക്ഷികളില്‍ നിന്നും ഈടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ജില്ലാ കലക്ടറുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

Sharing is caring!