സമസ്ത(ഇ.കെ) വിഭാഗം പണ്ഡിതന്‍മാരോട് എന്നും ബഹുമാനവും ആദരവുമേ എനിക്കുണ്ടായിട്ടുള്ളൂ. മന്ത്രി കെ.ടി ജലീലിന് പറയാനുള്ളത് വായിക്കൂ…

സമസ്ത(ഇ.കെ) വിഭാഗം  പണ്ഡിതന്‍മാരോട് എന്നും  ബഹുമാനവും ആദരവുമേ  എനിക്കുണ്ടായിട്ടുള്ളൂ.   മന്ത്രി കെ.ടി ജലീലിന്  പറയാനുള്ളത് വായിക്കൂ…

മന്ത്രി കെ.ടി ജലീല്‍ പറയുന്നു…..
സമസ്ത കേരള ജംഇയത്തുൽ ഉലമയോടും (ഇ.കെ.വിഭാഗം) അതിന്റെ നിസ്വാർത്ഥരായ പണ്ഡിതൻമാരോടും എന്നും ബഹുമാനവും ആദരവുമേ എനിക്കുണ്ടായിട്ടുള്ളൂ. രാഷ്ട്രീയമില്ല എന്നു പറയുകയും ഇടതുപക്ഷത്തെ അന്ധമായി എതിർക്കുകയും മുസ്ലിം ലീഗിനെ കണ്ണടച്ച് പിന്തുണക്കുകയും ചെയ്യുന്ന സമസ്തയിലെ ചില “ലീഗ് തുർക്കികളുടെ” നിലപാടിനോട് ഒരു കാരണവശാലും യോജിക്കാനാവില്ല. ആർക്കും ഏത് രാഷ്ട്രീയവും പിന്തുടരാൻ അവകാശമുള്ള നാടാണ് നമ്മുടേത്. ഏതെങ്കിലും ഒരു പാർട്ടിയിൽ ചേർന്നാൽ കിട്ടുന്നതോ മറ്റേതെങ്കിലും പാർട്ടിയോട് സഹകരിച്ചു പ്രവർത്തിച്ചാൽ ലഭിക്കാതെ പോകുന്നതോ അല്ല ഇസ്ലാംമത വിശ്വാസത്തിലെ മെമ്പർഷിപ്പ്.
ലീഗിന്റെ ദുഷ്ചൈതികളെയോ മത വിരുദ്ധ പ്രവൃത്തികളേയോ ഈ തുർക്കികൾ ഇന്നുവരെ എതിർത്തതായി കണ്ടിട്ടില്ല. പലിശ വൻപാപമാണെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. നിർബന്ധിത സാഹചര്യത്തിൽ ധനമിടപാടു സ്ഥാപനങ്ങളുമായി നമുക്ക് ബന്ധപ്പെടേണ്ടി വരുമെന്നത് ശരിയാണ്. എന്നാൽ പലിശ ഇടപാടു സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഭാഗമാകുന്ന ലീഗ് നിലപാടിനെ പാതിരാ പ്രസംഗകരാരും വിമർശിച്ചതായി കേട്ടിട്ടില്ല. സഹകരണ ബാങ്കുകൾ ഭരിക്കാതെ ഒരു രാഷട്രീയ പാർട്ടിക്ക് കേരളത്തിൽ നിലനിൽക്കാനും UDF ന്റെ ഭാഗമാകാനും കഴിയുമെന്നിരിക്കെ എന്ത് കൊണ്ടാണ് ഒരു വൻപാപത്തിൽ നിന്ന് മാറി നിൽക്കാൻ സമസ്തയിലെ ഇടതുപക്ഷ വിരുദ്ധർ ലീഗിനോട് കൽപിക്കാത്തത്?
സ്ത്രീകൾ കാഴ്ചവസ്തുക്കളാകരുത് എന്നും പൊതു പ്രവർത്തനത്തിൽ ഭാഗഭാക്കാകരുത് എന്നുമാണ് ഇസ്ലാമിക പക്ഷമെങ്കിൽ ലീഗിലും UDF ലും അണിനിരക്കുന്ന സ്ത്രീകൾക്ക് ഇത് ബാധകമാക്കി ഒരു മതവിധി എന്തേ ഇക്കൂട്ടർ പുറപ്പെടുവിക്കാത്തത്? യൂത്ത് ലീഗിന്റെ യുവജന യാത്രയിൽ മുനവ്വറലി ശിഹാബ് തങ്ങളുടെ വേദിയിൽ അദ്ദേഹവുമൊത്ത് സെൽഫിയെടുക്കാൻ സഹോദരിമാർ മത്സരിക്കുന്നതും യുവജന യാത്രയെ വരവേൽക്കാൻ വനിതാ ലീഗുകാർ അണിനിരന്നതും സമസ്തയിലെ ലീഗ് പ്രേമികൾ കാണാതെ പോയത് എന്തുകൊണ്ടാണ്? വനിതാ മതിലിൽ മുസ്ലിം സ്ത്രീകൾ പങ്കെടുക്കുന്നത് ഇസ്ലാമികമായി നിഷിദ്ധവും വനിതാ മതിലിനെതിരെ UDF സംഘടിപ്പിച്ച വനിതാ മതേതര സംഗമത്തിൽ മുസ്ലിം സ്ത്രീകൾ പങ്കുകൊണ്ടത് മതപരമായി അനുവദനീയമാകുന്നതും ചെയ്യുന്നതിലെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇസ്ലാമിൽ ലീഗിന് ഒരു നിയമവും ലീഗേതരർക്ക് വേറൊരു നിയമവുമാണോ? സമസ്തയിലെ ചിലരുടെ ഇരട്ടത്താപ്പാണ് വിമർശിക്കപ്പെടുന്നത്. അല്ലാതെ സമസ്ത ഒന്നാകെയല്ല. ഒന്നുകിൽ സമസ്ത രാഷ്ട്രീയ ആഭിമുഖ്യമുള്ളവരെ നേതൃനിരയിൽ നിന്ന് മാറ്റി നിർത്തുക. അതല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടി നടത്തുന്ന ഒരു പരിപാടിയെക്കുറിച്ചും അഭിപ്രായം പറയാതിരിക്കുക. ലീഗിന്റെയും UDF ന്റെയും ചടങ്ങുകളിലും സമര പരിപാടികളിലും മുസ്ലിം സ്ത്രീകൾക്ക് യഥേഷ്ടം പങ്കെടുക്കാൻ മൗനാനുവാദം നൽകുകയും ഇടതുപക്ഷത്തിന്റെ ചടങ്ങിലും സമരമുഖത്തും മുസ്ലിം സ്ത്രീകൾ പങ്കെടുക്കുന്നത് മതവിരുദ്ധതയാണെന്നും “എവൻ” പറഞ്ഞാലും അത് അംഗീകരിച്ചു കീഴൊതുങ്ങി കൊടുക്കാൻ മനസ്സില്ലെന്ന് ആയിരം വട്ടം പറയാൻ ഒരു മടിയുമില്ല. അതിന്റെ പേരിൽ എന്തു കുതുകുലം കാണിച്ചാലും ഒരു ഭയവുമില്ല. ലീഗിന്റെ സൗജന്യ അരിയും പഴയ വസ്ത്രവും ലഭിക്കാൻ പ്രാദേശിക ലീഗ് കമ്മിറ്റിക്കാർ കൊടുക്കുന്ന കാർഡ് പോലെ തോന്നിയ പ്രകാരം ഞമ്മന്റെ ആളുകൾക്ക് കൊടുക്കാനുള്ളതാണ് സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനപ്പാസെങ്കിൽ ആ കാർഡ് ഞങ്ങൾക്കു വേണ്ട. വനിതാ മതിലിൽ പങ്കാളികളായ മുസ്ലിം സ്ത്രീകൾ ഉറക്കെ വിളിച്ചു പറയുന്നതും അതുതന്നെയാണ്.

Sharing is caring!