പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി നമ്മുടെ ‘കരിപ്പൂര്‍’

പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായി നമ്മുടെ ‘കരിപ്പൂര്‍’

മലപ്പുറം: വികസന പ്രവര്‍ത്തനങ്ങള്‍ക്കു പിറകെ, വലിയ വിമാനങ്ങളും കൂടുതല്‍ യാത്രക്കാരും എത്തുമ്പോള്‍ പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളിലേക്കു പറക്കാനുള്ള ഒരുക്കത്തിലാണു കോഴിക്കോട് വിമാനത്താവളം. കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകളും ഹജ് പുറപ്പെടല്‍ കേന്ദ്രവും തിരിച്ചെത്തുന്നതോടെ കരിപ്പൂര്‍ പ്രതാപത്തിലേക്കു കുതിക്കും. കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കും. വരുമാനവും കൂടും.

കൂടുതല്‍ സര്‍വീസുകള്‍

ഫ്‌ലൈ ദുബായ് വിമാനം ഫെബ്രുവരി ആദ്യത്തില്‍ സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ വിമാനം ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളുടെ എണ്ണം കൂട്ടും. കൊച്ചിയും കോഴിക്കോടുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ സര്‍വീസ് ഇന്‍ഡിഗോ ആരംഭിക്കുന്നുണ്ട്.വലിയ വിമാനമായ ജംബോ ബോയിങ് 747400 ഉള്‍പ്പെടെ കൂടുതല്‍ വിമാനവുമായി എയര്‍ ഇന്ത്യയും ഉടന്‍ എത്തുമെന്നാണു പ്രതീക്ഷ.

ഹജ് പുറപ്പെടല്‍ കേന്ദ്രം

കോഴിക്കോട് വിമാനത്താവളത്തെ ഹജ് പുറപ്പെടല്‍ കേന്ദ്രമായി അംഗീകരിക്കുകയും വിമാന ടെന്‍ഡറില്‍ കരിപ്പൂരിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 4 വര്‍ഷത്തിനു ശേഷം ഹജ് യാത്ര കരിപ്പൂരില്‍നിന്നു പുനരാരംഭിക്കും. ഒപ്പം കോഴിക്കോട് ജിദ്ദ, കോഴിക്കോട് മദീന സെക്ടറുകളില്‍ കൂടുതല്‍ വലിയ വിമാന സര്‍വീസുകളും ആരംഭിക്കും.

വിനോദ സര്‍വീസ്

സിംഗപ്പൂര്‍, മലേഷ്യ, സിലോണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു പുതിയ വിമാന സര്‍വീസുകള്‍ ആലോചനയിലുണ്ട്. വ്യാപാര, വിനോദ യാത്രക്കാരുടെ എണ്ണം പരിഗണിച്ചാണിത്.

സ്ഥലം ഏറ്റെടുക്കല്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 137 ഏക്കറും പുനരധിവാസത്തിനായി 20 ഏക്കറും ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനം ആരംഭിക്കും. അതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തി.വിമാനത്താവള ടെര്‍മിനലിനു മുന്‍പില്‍ കാര്‍ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ 15.25 ഏക്കര്‍, മേലങ്ങാടിയിലേക്കു സമാന്തര റോഡ് എന്നിവയ്ക്കു സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും ആരംഭിച്ചു.

ആധുനിക സംവിധാനം

കൂടുതല്‍ ആധുനിക സംവിധാനത്തോടെയായിരിക്കും പുതുവര്‍ഷത്തിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം. എഡിഎസ്ബി (ഓട്ടോമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്) സംവിധാനം 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും.വൈമാനികരുമായി വിമാനത്താവളത്തിലെ വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗത്തിന് ആശയ വിനിമയം നടത്തുന്നതിനുള്ള ഡിവിഒആര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കും.
പ്രതികൂല കാലാവസ്ഥയില്‍ വിമാനങ്ങള്‍ തിരിച്ചുവിടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനു 2 ഐഎല്‍എസ് ഉണ്ടെങ്കിലും പോരായ്മ പരിഹരിക്കാന്‍ ആര്‍വിആര്‍ (റണ്‍വേ വിഷ്വല്‍ റേഞ്ച്) ഒരുക്കും.

പുതിയ ടെര്‍മിനല്‍

നിര്‍മാണം അവസാനഘട്ടത്തിലെത്തിയ പുതിയ ആഗമന ടെര്‍മിനല്‍ ഉടന്‍ തുറക്കും.ഔദ്യോഗിക ഉദ്ഘാടനം വൈകിയാലും ടെര്‍മിനല്‍ തുറന്നു കൊടുക്കാനാണ് അധികൃതരുടെ ആലോചന. കോഴിക്കോട് വിമാനത്താവളത്തില്‍ മഴക്കെടുതിക്കു പരിഹാരം കാണുന്നതിനും വന്‍ പദ്ധതി തയാറാകുന്നു.കോഴിക്കോട് കേന്ദ്രമായുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയെ (സിഡബ്ല്യുആര്‍ഡിഎം) ചുമതല ഏല്‍പിച്ചു. ഒരു കോടിയിലേറെ രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ മഴവെള്ളം സംഭരിക്കാനും അധികജലം തോടുകളിലൂടെ ഒഴുക്കിവിടാനും സംവിധാനമുണ്ടാകും.<യൃ />

Sharing is caring!