മലപ്പുറം മരുത മഞ്ചക്കോടില്‍ വ്യാപകമായി മാവോവാദി ആശയങ്ങളടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും

മലപ്പുറം മരുത മഞ്ചക്കോടില്‍ വ്യാപകമായി മാവോവാദി ആശയങ്ങളടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും

വഴിക്കടവ്: വഴിക്കടവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മരുത മഞ്ചക്കോടില്‍ മാവോവാദി ആശയങ്ങളടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ അങ്ങാടിയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസുകളിലും ബസ് സ്‌റ്റോപ്പ്, ഹോട്ടലുകള്‍, കടകള്‍ക്ക് മുന്നിലും അങ്ങാടിയിലെ പാര്‍ട്ടി നോട്ടീസ് ബോര്‍ഡുകളിലുമൊക്കെയായി നിരവധി പോസ്റ്ററുകളും ലഘുലേഖകളും നാട്ടുകാര്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വഴിക്കടവ് എസ്.ഐ: വി.കെ. ബിനുവിന്റെ നേതൃത്വത്തില്‍ പോലീസും നക്‌സല്‍ വിരുദ്ധ സേനയും സ്ഥലത്തത്തെി പോസ്റ്ററുകള്‍ കീറികളയുകയും ലഘുലേഖകള്‍ ശേഖരിക്കുകയും ചെയ്തു. നാടുകാണി പി.എല്‍.ജി.എ ബുള്ളറ്റിനായ കനല്‍പ്പാതയുടെ ഒക്‌ടോബര്‍ പതിപ്പ്, ജനകീയ വിമോചന ഗറില്ല സേന കബനി ദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീ എന്നിവക്കൊപ്പം ഏതാനും ചുമര്‍ പോസ്റ്ററുകളും പുസ്തക പേജുകളിലെഴുതിയ കുറിപ്പുകളുമാണ് കാണപ്പെട്ടത്. മാവോവാദി സംഘത്തെ കണ്ടവരില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിത മതിലിനെ കുറിച്ചും ശബരിമല സ്ത്രീ പ്രവേശന പ്രശ്‌നത്തില്‍ വിവിധ രാഷ്ര്ടീയ പാര്‍ട്ടികളും ആര്‍.എസ്.എസും സ്വീകരിക്കുന്ന നിലപാടുകളെയും പരാമര്‍ശിക്കുന്നതാണ് ലഘുലേഖകളും പോസ്റ്ററുകളും. അംബേദ്ക്കര്‍ ചരമദിനമായ ഡിസംബര്‍ ആറ് മുതല്‍ 30 വരെ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖല സമിതി നടത്തുന്ന ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ പ്രചാരണ കാമ്പയിന്റെ ഭാഗമായിട്ടാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയിട്ടുള്ളത്. വര്‍ഗീയലഹളകള്‍ സൃഷ്ടിച്ച് മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതും ബീഫിന്റെ പേരില്‍ ദളിതുകളെ തല്ലിക്കൊല്ലുന്നതും സ്ത്രീകളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതിരെയും മതവെറി പരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെയും ഒന്നിക്കണമെന്നും നോട്ടീസുകളില്‍ പറയുന്നു. വയനാട്ടില്‍ മാവോവാദികള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച ആദിവാസി കുട്ടികളെ ആദ്യമായി അനുമോദിക്കാന്‍ പൊലീസ് വലിയ ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇവര്‍ പറയുന്നു. പോസ്റ്ററുകളും ലഘുലേഖകളും കണ്ടത്തെിയ വിവരമറിഞ്ഞ് തമിഴ്‌നാട്ടിലെ ക്യൂബ്രാഞ്ച് സംഘവും പൊലീസിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളും മരുതയിലത്തെി തെളിവുകള്‍ ശേഖരിച്ചു.
ചിത്രവിവരണം-മഞ്ചക്കോട് അങ്ങാടിയില്‍ മാവോയിസ്റ്റുകള്‍ പതിച്ച നോട്ടീസ് പരിശോധിക്കുന്ന പോലിസ്.

Sharing is caring!