മഅദിന്‍ വൈസനിയം; പരിശ്രമങ്ങളുടെയും പടയോട്ടങ്ങളുടെയും 20വര്‍ഷം

മഅദിന്‍ വൈസനിയം; പരിശ്രമങ്ങളുടെയും  പടയോട്ടങ്ങളുടെയും 20വര്‍ഷം

മലപ്പുറം: നാളെയുടെ നിര്‍മിതിക്കായുള്ള മുന്നൊരുക്കമാണ് മഅദിന്‍ വൈസനിയം. പരിശ്രമങ്ങളുടെയും പടയോട്ടങ്ങളുടെയും 2 പതിറ്റാണ്ടിനിടെ ഉഴുത് പാകപ്പെടുത്തിയ മണ്ണില്‍ പുതിയ മുന്നേറ്റത്തിനു വിത്ത് വിതയ്ക്കുകയാണ് മഅദിന്‍ എന്ന വിദ്യാഭ്യാസ-സാംസ്‌കാരിക സമുച്ചയം. കേവലം സമ്മേളനഘോഷങ്ങള്‍ക്കപ്പുറം നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മഅദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തിന് നിര്‍ണായക പ്രസക്തിയുണ്ട്. ദീര്‍ഘകാലത്തെ ആലോചനകള്‍ക്കൊടുവിലാണ് വൈസനിയത്തിന് അരങ്ങൊരുങ്ങുന്നത്. സമകാലികസമൂഹത്തില്‍ അനിവാര്യമായ ചില മാറ്റങ്ങളെ വൈസനിയം അടിവരയിടുന്നുണ്ട്.

2009ല്‍, വൈജ്ഞാനിക മികവില്‍ മഅദിന്‍ ഒരു വ്യാഴവട്ടക്കാലം പിന്നിട്ട ഘട്ടത്തില്‍ നടത്തിയ ‘എന്‍കൗമിയം’ സമ്മേളനം നവോത്ഥാന വഴിയില്‍ മഅദിന്റെ മുന്നേറ്റത്തിലെ നാഴികക്കല്ലായിരുന്നു. വൈജ്ഞാനികവും സാംസ്‌കാരികവുമായ വറുതിയുടെ നടുവിലാണ് മഅദിന്‍ പ്രസ്ഥാനം ഉരുവം കൊള്ളുന്നത്. ജീവല്‍പ്രധാനമായ വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തെ സമുദ്ധരിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത മഅദിന്‍ സാമൂഹിക ജീവിതത്തിന്റെ ആവശ്യങ്ങളറിഞ്ഞ് പരിമിതികള്‍ മുറിച്ചുകടക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു.

പ്രാഥമികദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ട് നടത്തിയ എന്‍കൗമിയം, സമൂഹത്തില്‍ വലിയ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. എന്‍കൗമിയം തുടക്കമിട്ട പദ്ധതികളുടെ തുടര്‍ച്ചകളായിരുന്നു തുടര്‍ന്നു വന്ന ഒരുദശകത്തെ സജീവമാക്കിയത്. എന്‍കൗമിയം സമൂഹത്തിലുണ്ടാക്കിയ സര്‍ഗാത്മകമായ മാറ്റങ്ങള്‍ വിലയിരുത്തി, വരുംകാലങ്ങളിലേക്ക് സമഗ്രമായ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു മഅദിന്‍. സമൂഹത്തിന്റെ ആവശ്യങ്ങളായിരുന്നു വൈസനിയം പദ്ധതികളായി രൂപാന്തരപ്പെട്ടത്.

വര്‍ഷം നീണ്ട വൈസനിയം കാലയളവില്‍ അര നൂറ്റാണ്ടിലേക്കുള്ള പുരോഗതിയുടെ ദിശ നിര്‍ണയിച്ചു മഅദിന്‍. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പദ്ധതിയോടൊപ്പം നിന്ന് വിദ്യാഭ്യാസം, പരിസ്ഥിതി, സാംസ്‌കാരികം, കൃഷി, കുടുംബം, ആരോഗ്യം, കാരുണ്യം തുടങ്ങി വിവിധ മേഖലകളില്‍ 150ല്‍ അധികം വ്യത്യസ്ത പരിപാടികളാണ് വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതികളാവിഷ്‌കരിക്കുകയും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുംവിധം അവയെ അവതരിപ്പിക്കുകയുമായിരുന്നു മഅദിന്‍. വൈസനിയം മുന്നോട്ടുവച്ച പദ്ധതികള്‍ ഇരുകയ്യുംനീട്ടിയാണ് സമൂഹം സ്വീകരിച്ചത്.

വിദ്യാഭ്യാസ പദ്ധതികള്‍ക്കപ്പുറം സാമൂഹികസുരക്ഷയും സാമുദായിക ഐക്യവും മുന്‍നിര്‍ത്തിയുള്ള പദ്ധതികളും സ്ത്രീ ശാക്തീകരണ രംഗത്ത് വ്യത്യസ്തങ്ങളായ പരിപാടികളുമാണ് വൈസനിയം മുന്നോട്ടുവച്ചത്. പ്രൈമറി തലം തൊട്ട് ഗവേഷണ തലം വരെ പഠനാവസരങ്ങളൊരുക്കുന്ന ക്യൂ ലാന്‍ഡ്, ഷീ ക്യാംപസ്, ദാറുസ്സഹ്റ എന്നീ ക്യാംപസുകള്‍ ആരംഭിച്ചു. വിധവകള്‍ക്കായി സഹായ ധന പദ്ധതിയും വീടുകളില്‍ വായനാ സംസ്‌കാരം നില നിര്‍ത്തുന്നതിനായി വായനോത്സവ് പദ്ധതിയും ഒരുക്കി. മെഡിക്കല്‍, പ്രഫഷനല്‍ മേഖലയില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച വൈസനിയം ജി ലൈറ്റ് ക്യാംപും വനിതകള്‍ക്കായുള്ള എം ലൈറ്റും വേറിട്ട പരിപാടികളായിരുന്നു.

ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ വൈസനിയം കാലയളവില്‍ നടപ്പിലാക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും പരിഹാരം കണ്ടെത്തി അവരെ കൂടെ നിര്‍ത്തുകയും ചെയ്തു. വീല്‍ചെയര്‍ സൗഹൃദ ക്യാംപസ്, എബിലിറ്റി സമ്മിറ്റ്, സ്നേഹ സംഗമങ്ങള്‍, വീല്‍ ചെയര്‍ വിതരണം തുടങ്ങി വിവിധ പദ്ധതികളൊരുക്കി. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ഏബ്ള്‍ വേള്‍ഡ് എന്ന സ്ഥാപനം ആരംഭിച്ചു.

ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വേറിട്ടതായിരുന്നു. ഹോസ്പൈസ് എന്ന പേരില്‍ നടപ്പിലാക്കിയ ആതുര സേവന പദ്ധതികള്‍ക്കു കീഴില്‍, കിടപ്പിലായ രോഗികളെ വീട്ടിലെത്തി ശുശ്രൂഷിക്കുന്ന ഹോം കെയര്‍ പദ്ധതി, ആംബുലന്‍സ് സര്‍വീസ്, ഹോസ്പൈസ് ക്ലിനിക്, സൗജന്യ റേഷന്‍ പദ്ധതി, കാഴ്ച പരിശോധനാ ക്യാംപ്, മെഗാ മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങിയ പരിപാടികള്‍ നടപ്പിലാക്കി. ഒട്ടേറെ സന്നദ്ധസേവകരെ സമൂഹത്തിന് സമര്‍പ്പിക്കാനും പദ്ധതിയിലൂടെ സാധിച്ചു.

നിര്‍മിതബുദ്ധിയും നൂതന സാങ്കേതിക വിദ്യകളും ലോകം നിയന്ത്രിക്കുന്ന കാലത്ത് സാങ്കേതിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി. വൈസനിയം സ്പര്‍ശിക്കാത്ത മേഖലകള്‍ വിരളമാണ്. 2015 ഏപ്രിലില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ച വൈസനിയം ആഘോഷമാണ് 20 മേഖലകളിലായി 150 വ്യത്യസ്ത പരിപാടികള്‍ പൂര്‍ത്തിയാക്കി സമാപിക്കുന്നത്.

Sharing is caring!