പെരിന്തല്‍മണ്ണ മമ്മദിന്റെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി മദീന മുനവ്വറയിലേക്ക്

പെരിന്തല്‍മണ്ണ മമ്മദിന്റെ  ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി  മദീന മുനവ്വറയിലേക്ക്

പെരിന്തല്‍മണ്ണ: ഏറ്റവും വലിയ കയ്യെഴുത്ത് പ്രതി എന്ന നിലയില്‍ ഗിന്നസ് ബുക്കിലേക്ക് പരിഗണിക്കപ്പെട്ട പെരിന്തല്‍മണ്ണ മാനത്ത് മംഗലം ചാത്തോലിപ്പറമ്പില്‍ മമ്മദ്(66) തയ്യാറാക്കിയ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി മദീന മുനവ്വറയിലെ ലൈബ്രറിയിലേക്ക്. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യ വിശ്രമം കൊള്ളുന്ന പ്രവാചകന്റെ പള്ളിയില്‍ റൗള ഷരീഫിനോട് ചേര്‍ന്നുള്ള കൈയ്യെഴുത്ത് പ്രതികള്‍ക്ക് മാത്രമായുള്ള ലൈബ്രറിയിലായിക്കും മമ്മദിന്റെ കയ്യെഴുത്ത് പ്രതി ഇനി സൂക്ഷിക്കുക. ലൈബ്രറിയുടെ മാനേജര്‍ യാസര്‍ ഇബ്നു റാദത്തുല്ലാഹ് അല്‍ സാബിയുടെ ക്ഷണ കത്ത് മമ്മദിന് ലഭിച്ചു. ജനുവരി രണ്ടിന് ഖുര്‍ആന്‍ പ്രതിയുമായി മമ്മദ് മദീനയിലേക്ക് തിരിക്കും. മണ്ഡലം മുസ്്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പെരിന്തല്‍മണ്ണ സി.എച്ച് സൗധത്തില്‍ യാത്രയയപ്പ് നല്‍കുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ, മണ്ഡലം പ്രസിഡന്റ് എ.കെ മുസ്തഫ, ജ. സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ സലാം എന്നിവര്‍ അറിയിച്ചു. ഖുര്‍ആന്‍ പ്രതി മദീനയിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് മമ്മദിനെ വീട്ടില്‍ സന്ദര്‍ശിച്ച മഞ്ഞളാംകുഴി അലി എംഎല്‍എ അറിയിച്ചു.

Sharing is caring!