കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍പാത നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

കേരളത്തിലെ ഏറ്റവും മനോഹരമായ  റെയില്‍പാത നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

 

മലപ്പുറം: കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍പാതയെന്ന അടിക്കുറിപ്പോടെ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പാതയുടെ ഭംഗിയില്‍ മന്ത്രിയുടെ ഫോളോവേഴ്‌സ് അതിശയം പൂണ്ടപ്പോള്‍, മലയാളികള്‍ ട്വീറ്റിനെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമാക്കി മാറ്റി. പച്ചപ്പിനിടയിലൂടെ ട്രെയിന്‍ കടന്നുവരുന്ന 3 ചിത്രങ്ങളാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

അടിക്കുറിപ്പ് ഇങ്ങനെ: ‘പാലക്കാട് ജില്ലയിലെ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയുടെ മനോഹര ദൃശ്യം. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ റെയില്‍പാത പശ്ചിമഘട്ടത്തിലെ നിറപച്ചപ്പിനിടയിലൂടെ കടന്നുപോകുന്നു’ ചിത്രങ്ങള്‍ കണ്ട്, കാട്ടിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് ധരിച്ചവരാണ് ഭൂരിഭാഗവും.

മൃഗങ്ങളുടെ സുരക്ഷയ്ക്ക് നടപടിയെടുത്തിട്ടുണ്ടോ എന്നും ആനത്താര മുറിച്ചു കടക്കുന്നുണ്ടോ എന്നും ആശങ്കപ്പെട്ടു കുറെപ്പേര്‍. ഈയിടെ ട്രെയിനിടിച്ച് സിംഹങ്ങള്‍ ചത്ത വാര്‍ത്ത ചിലര്‍ ചൂണ്ടിക്കാട്ടി. മലപ്പുറത്തുകാരാകട്ടെ, ‘കാട്ടുപാത’യല്ലെന്നു വിശദീകരിച്ച് കുഴങ്ങി. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ള ചിലര്‍, അവിടെയുള്ള പാതകള്‍ കാണാന്‍ മന്ത്രിയെ ക്ഷണിച്ചു. ഇത്രയും ഹരിതാഭമായ പാതയില്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയവരുമുണ്ട്.

നിലമ്പൂര്‍ – നഞ്ചന്‍കോട് പാത യാഥാര്‍ഥ്യമാക്കണമെന്ന അഭ്യര്‍ഥന ഒട്ടേറെ മലയാളികള്‍ കമന്റായി കുറിച്ചു. പുറംകാഴ്ചകള്‍ കാണാന്‍ കഴിയുന്ന വിസ്റ്റാഡം കോച്ച് അനുവദിക്കണം, രാജ്യറാണി സ്വതന്ത്ര ട്രെയിന്‍ ആക്കണം, കൂടുതല്‍ ട്രെയിനുകളും സ്റ്റേഷനുകളില്‍ സൗകര്യങ്ങളും വേണം എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവച്ചു. പാത മലപ്പുറം ജില്ലയിലാണെന്നു പറയുന്നതാണ് ശരിയെന്ന് മന്ത്രിയെ തിരുത്തുകയും ചെയ്തു.

Sharing is caring!