മങ്കട ഗവ.ആസ്പത്രി ഇനി സംഭവമാകും, പുതിയ വികസന പദ്ധതി തയ്യാറാക്കി

മങ്കട ഗവ.ആസ്പത്രി  ഇനി സംഭവമാകും,  പുതിയ വികസന പദ്ധതി തയ്യാറാക്കി

മങ്കട:  മങ്കട നിയോജക മണ്ഡലത്തില്‍ കിടത്തി ചികിത്സയുള്ള ഏക ആസ്പത്രിയായ മങ്കട
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ വികസന പദ്ധതി തയ്യാറാക്കി.
ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ആസ്പത്രി
വികസന സമിതി യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. ഏകീകൃത ആസ്പത്രി സമുച്ചയമാണ്
വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച്
മാറ്റും, ഭൂ പ്രകൃതിക്ക് മാറ്റം വരുത്താതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ്
നടപ്പിലാക്കുക.

ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം
ഉള്‍പ്പെടുത്തിയാണ് ബൃഹത്തായ വികസന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി
നടപ്പിലാകുന്നതോടെ നൂറ് പേര്‍ക്ക് കിടത്തി ചികിത്സ നല്‍കനുള്ള സൗകര്യം
ഉള്‍പ്പടെ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുങ്ങും. 12
ഡോക്ടര്‍മാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഒ.പി. സൗകര്യം, കാഷ്വാലിറ്റി, ഐ.സി.യു,
ലാബര്‍ റൂം, ഓപ്പറേഷന്‍ തിയ്യേറ്റര്‍, സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ്,
എക്സ് റേ, തുടങ്ങി ആസ്പത്രിക്ക് വേണ്ട മുഴുവന്‍ സൗകര്യങ്ങളും വികസന
പദ്ധതിയിലുണ്ട്. മങ്കടയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്ക് അത്യാഹിതം
സംഭവിച്ചാല്‍ ഓടിയെത്താന്‍ കഴിയുന്ന തരത്തില്‍ ആസ്പത്രി മാറും
മങ്കട ഹെല്‍ത്ത് ബ്ലോക്കില്‍ നിലവിലുള്ള എട്ട് പി.എച്ച്.സി.കളുടെയും
മേല്‍നോട്ടം വഹിക്കുന്ന മങ്കട കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനം
മങ്കട നിയോജക മണ്ഡലത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആദ്യ ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക് 5.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആയതിന്എം.എല്‍.എ, എം.പി, ബ്ലോക്ക് പഞ്ചായത്ത്, നിയോജക മണ്ഡലത്തിലെ വിവിധ
ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ ഫണ്ട് വിനിയോഗിക്കും. സര്‍ക്കാറില്‍ നിന്നും
പരമാവധി തുക ലഭ്യമാക്കുന്നതിന് ആവശ്യമായ ശ്രമങ്ങളും നടക്കും.
എന്‍.ആര്‍.എച്ച്.എം. ഫണ്ട്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആര്‍
ഫണ്ടുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ പൊതുനന്മാ ഫണ്ടുകളും ആസ്പത്രി
വികസനത്തിനായി ലഭ്യമാക്കുന്നതിന് ശ്രമമുണ്ട്. പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന് വിവിധ സംഘടനാ പ്രതിനിധികളെയും, ജനപ്രതിനിധികളെയും, പൊതു
പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്‍കി. ടി.എ.അഹമ്മദ്
കബീര്‍ എം.എല്‍.എ. (ചെയര്‍മാന്‍), അഡ്വ.ടി.കുഞ്ഞാലി, സമദ് മങ്കട, മാമ്പറ്റ
ഉണ്ണി (വൈസ് ചെയര്‍മാന്‍മാര്‍), പി.കെ.കുഞ്ഞുമോന്‍ (കണ്‍വീനര്‍), ഫൈസല്‍
മാമ്പള്ളി, സൈഫുള്ള കറുമൂക്കില്‍ (ജോ.കണ്‍വീനര്‍മാര്‍), മെഡിക്കല്‍ ഓഫീസര്‍
അബ്ദുള്ള മണിമ (ട്രഷറര്‍) തുടങ്ങി 15 അംഗ കമ്മിറ്റിക്കാണ് രൂപം
നല്‍കിയിരിക്കുന്നത്.

യോഗത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷഹീദ എലിക്കോട്ടില്‍
അധ്യക്ഷത വഹിച്ചു. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ, മങ്കട ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് എം.കെ.രമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്
എന്‍.കെ.അസ്‌കര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാലി സേവ്യര്‍,
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റസിയ പൂന്തോട്ടത്തില്‍,
എം.അസ്ലം മാസ്റ്റര്‍, ടി.അബ്ദുല്‍ കരീം, ഫൈസല്‍ മാമ്പള്ളി, സൈഫുള്ള
കറുമൂക്കില്‍, ടി.അബ്ദുല്‍ മജീദ്, സി.ഹരിദാസ്, ഡോ.അബ്ദുള്ള മണിമ,
ഡോ.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!