കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്ക് ടോള്‍ഗേറ്റ് മലപ്പുറത്തുകാരി കളക്ടര്‍ നേരിട്ടെത്തി തുറന്നുകൊടുത്തു

കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്ക്  ടോള്‍ഗേറ്റ് മലപ്പുറത്തുകാരി  കളക്ടര്‍ നേരിട്ടെത്തി തുറന്നുകൊടുത്തു

മലപ്പുറം: കിലോമീറ്റര്‍ നീണ്ട ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടും ടോള്‍ ഗേറ്റ് തുറന്നു നല്‍കാത്തതിനെതിരെ ടോള്‍ പ്ലാസ അധികൃതര്‍ക്ക് മലപ്പുറത്തുകാരി കളക്ടറുടെ താക്കീത്. തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് ജില്ല കളക്ടര്‍മാരുടെ യോഗം കഴിഞ്ഞു വരികയായിരുന്നു അനുപമ. ഈ സമയം ടോള്‍ പ്ലാസയ്ക്ക് ഇരുവശത്തും ഒന്നര കിലോമീറ്റര്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ദേശീയപാതയിലെ വാഹനത്തിരക്കില്‍ അകപ്പെട്ട കളക്ടര്‍ 15 മിനിറ്റ് കാത്തു നിന്ന ശേഷമാണ് ടോള്‍ ബൂത്തിനു മുമ്പിലെത്തിയത്.

ടോള്‍ പ്ലാസ സെന്റെറിനുള്ളില്‍ കാര്‍ നിര്‍ത്തിയ കളക്ടര്‍ ജീവനക്കാരെ വിളിച്ചു വരുത്തി. ഇത്രയും വലിയ വാഹനത്തിരക്കുണ്ടായിട്ടും യാത്രക്കാരെ കാത്തുനിര്‍ത്തി വലയ്ക്കുന്നതിന്റെ കാരണം തേടി. തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ടോള്‍ ബൂത്ത് തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ എല്ലാ വാഹനങ.ങളും കടത്തി വിട്ട ശേഷമാണ് കളക്ടര്‍ മടങ്ങിയത്. പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരേയും സുരക്ഷാ പൊലീസിനേയും രൂക്ഷമായി ശാസിക്കുകയും ചെയ്തു.

ദീര്‍ഘദൂര യാത്രക്കാര്‍ ഏറെനേരം കാത്തു നില്‍ക്കുമ്പോഴും പൊലീസ് പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതാണ് കളക്ടറുടെ ശാസനക്ക് കാരണമായത്. അഞ്ച് വാഹനങ്ങളേക്കാള്‍ കൂടുതലുണ്ടെങ്കില്‍ കാത്തു നിര്‍ത്താതെ കടത്തി വിടണമെന്നാണ് ചട്ടമെങ്കിലും ഇവിടെ ഇത് പാലിക്കാത്തത് പതിവ് തര്‍ക്കമാണ്. ടോള്‍ പ്ലാസ മൂലം വാഹനകുരുക്കുണ്ടാക്കിയാല്‍ നടപടിയുണ്ടാകുമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ക്ക് കളക്ടര്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Sharing is caring!