രത്നവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവറില്‍നിന്നു പണം തട്ടി

രത്നവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് മലപ്പുറത്ത് ഓട്ടോ ഡ്രൈവറില്‍നിന്നു പണം തട്ടി

മങ്കട: രത്നവ്യാപാരിയാണെന്നു വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവറില്‍നിന്നു പണം തട്ടിയതായി പരാതി. രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ പൊലീസ് പ്രതിക്കായി തിരച്ചില്‍ തുടങ്ങി. പ്രതിയുടേതെന്ന് പരാതിക്കാരന്‍ പറയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം രാമപുരം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറെ തന്റെ ആഡംബര കാര്‍ വഴിയില്‍ കേടായത് ഷോറൂമുകാര്‍ കൊണ്ടുപോയിട്ടുണ്ടോ എന്നു നോക്കാനാണെന്നു പറഞ്ഞാണ് ഓട്ടം വിളിച്ചത്.

കുറച്ചുദൂരം പോയശേഷം കാര്‍ കൊണ്ടുപോയിട്ടുണ്ടെന്നും തിരിച്ചുപോകാമെന്നും പറഞ്ഞു. വഴിനീളെ വലിയ വ്യാപാരത്തിന്റെയും ലക്ഷങ്ങളുടെയും കഥകളാണ് മധ്യവയസ്‌കനായ ഇയാള്‍ ഫോണില്‍ പറഞ്ഞിരുന്നതത്രേ. രത്നങ്ങള്‍ ജ്വല്ലറിയില്‍ നല്‍കുന്ന ആള്‍ ജോലി ഉപേക്ഷിച്ചുപോയെന്നും പകരമായി വിശ്വസിക്കാവുന്ന ആളെ വേണമെന്നും ഡ്രൈവറോടു പറഞ്ഞു.

ഡ്രൈവര്‍ താല്‍പര്യം അറിയിച്ചതോടെ ഐഡി കാര്‍ഡിനു വേണ്ടി ആധാര്‍ കോപ്പിയും 12,000 രൂപ സെക്യൂരിറ്റി തുകയുമായി മലപ്പുറത്ത് എത്താന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം പണം കൈമാറിയതോടെ മണ്ണാര്‍ക്കാട്ടുള്ള ഒരു ജ്വല്ലറിയില്‍ ഏല്‍പ്പിക്കാനായി ഒരു പൊതി നല്‍കി. വിലപിടിപ്പുള്ള രത്നങ്ങളായതിനാല്‍ വഴിയില്‍വച്ച് തുറക്കരുതെന്നും നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട്ടെത്തിയെങ്കിലും ആ പേരിലുള്ള ജ്വല്ലറി കണ്ടുപിടിക്കാനാകാതെ മടങ്ങിയ ഓട്ടോ ഡ്രൈവര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഗഫാര്‍ അലി അരിപ്രയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു.

പൊതി തുറന്നു നോക്കിയപ്പോള്‍ മുറിവു കെട്ടുന്ന ബാന്‍ഡേജ് മാത്രമാണ് ഉണ്ടായിരുന്നത്. വേങ്ങര സ്വദേശിയായ റസാഖ് എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇയാളുടെ ഫോട്ടോ സഹിതം വാര്‍ത്ത പ്രചരിച്ചതോടെ സമാനരീതിയിലുള്ള തട്ടിപ്പിന് മക്കരപ്പറമ്പ് പെരിന്താറ്റിരി സ്വദേശിയായ യുവാവും ഇരയായിട്ടുണ്ടെന്നു പരാതി ഉയര്‍ന്നു.

Sharing is caring!