സൗദിയിലെ 41 തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം, പ്രവാസികള്‍ക്ക് തിരിച്ചടി

സൗദിയിലെ 41 തൊഴില്‍  മേഖലകളില്‍ സൗദിവല്‍ക്കരണം, പ്രവാസികള്‍ക്ക് തിരിച്ചടി

റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി സഊദി തൊഴില്‍ മന്ത്രാലയം. മദീന പ്രവിശ്യയില്‍ വിദേശികള്‍ തൊഴിലെടുക്കുന്ന 41 തൊഴില്‍ മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സഊദി തൊഴില്‍ വികസന സാമൂഹ്യ മന്ത്രി ഡോ: അഹമ്മദ് സുലൈമാന്‍ അല്‍രാജ്ഹിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.

പ്രവിശ്യ ഭരണകൂടവും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ 13 മേഖലയില്‍ അവയുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ച് അനുയോജ്യമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നേരത്തെ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മദീനയില്‍ മാത്രമായി ഏതാനും തൊഴിലുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.

ഷോപ്പിങ് മാളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസം സംബന്ധമായ ജോലികള്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജോലിക്കാര്‍, ഭക്ഷണശാലകളിലെ ജോലികള്‍, റിസപ്ഷന്‍, ഡാറ്റ എന്‍ട്രി, അഡ്മിന്‍ ജോലികള്‍, സെക്രട്ടറി ജോലികള്‍, സര്‍വീസ് സൂപ്പര്‍വൈസര്‍, റൂം സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ്, മാര്‍ക്കറ്റിങ്, സെക്യൂരിറ്റി, ഷിഫ്റ്റ്, ടൂര്‍ പാക്കേജ് സൂപ്പര്‍ വൈസര്‍മാര്‍, ഫ്രണ്ട് ഓഫീസ് ജോലികള്‍, ലേബര്‍ സൂപ്പര്‍വൈസര്‍ ജോലികള്‍ എന്നിവയടക്കമുള്ള 41 തൊഴിലുകളാണ് സ്വദേശിവല്‍ക്കരിക്കുന്നത്.

ചാരിറ്റി സ്ഥാപനങ്ങളിലെ ജോലി റജബ് ഒന്ന് മുതലും ഹോട്ടല്‍, ടൂറിസം ജോലികള്‍ ശവ്വാല്‍ ആറ് മുതലുമാണ് പ്രാബല്യത്തില്‍ വരിക. ചാരിറ്റി സ്ഥാപനങ്ങളില്‍ മലയാളികള്‍ വളരെ വിരളമാണെങ്കിലും മറ്റു മേഖലകളില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ധാരാളമായി തൊഴിലെടുക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകും. നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സഊദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

റിയാദ് : സഊദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി തയ്യാറാക്കുന്നു. സഊദി ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള അക്കൗണ്ടിങ്, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഫിനാന്‍സ് മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതി ഒരുക്കുന്നത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ വനിതാവല്‍ക്കരണ പ്രോഗ്രാം ഡയറക്ടര്‍ നൂറ അബ്ദുല്ല അല്‍റുദൈനിയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവല്‍ക്കരണ ഫോറത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സഊദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്നും ഇവര്‍ പറഞ്ഞു

Sharing is caring!