കുനിയില്‍ ഇരട്ടക്കൊല; സബ് ജഡ്ജിയെ വിസ്തരിച്ചു

കുനിയില്‍ ഇരട്ടക്കൊല; സബ് ജഡ്ജിയെ വിസ്തരിച്ചു

മഞ്ചേരി : അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ സാക്ഷിയായ സബ് ജഡ്ജി സി ആര്‍ വിനേഷിനെ ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി എ വി മൃദുല മുമ്പാകെ വിസ്തരിച്ചു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയതിന് സാക്ഷിയായിരുന്നു സബ് ജഡ്ജി സി ആര്‍ വിനേഷ്. സബ് ജഡ്ജിയെകൂടാതെ പ്രതികളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരടക്കം ആറ് സാക്ഷികളെ കൂടി ഇന്നലെ കോടതി മുമ്പാകെ വിചാരണ ചെയ്തു.
കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് റിമാന്റിലായ ഒന്നാം പ്രതി മുക്താര്‍, നാലാം പ്രതി ഉമ്മര്‍, ഏഴാം പ്രതി ഫസല്‍, എട്ടാം പ്രതി ഫത്തീന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഈ മാസം 17ന് കോടതി പരിഗണിക്കും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഇ എം കൃഷ്ണന്‍ നമ്പൂതിരി, വരവത്ത് മനോജ്, വി പി വിപിന്‍നാഥ്, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സി കെ ശ്രീധരന്‍, കെ രാജേന്ദ്രന്‍, എം പി എ ലത്തീഫ് എന്നിവരും ഹാജരായി.

Sharing is caring!