തിരൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു

തിരൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു

തിരൂര്‍: പറവണ്ണയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച നിലയില്‍. പറവണ്ണ ആലിന്‍ ചുവട്ടില്‍ മുസ്ലിം ലീഗ് ആലിന്‍ ചുവട് യൂണിറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തായുമ്മാന്റെ പുരക്കല്‍ അബൂബക്കറിന്റെ മോട്ടോര്‍ ബൈക്കാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചോടെ തീ പടരുന്നത് കണ്ട അയല്‍ വീട്ടുകാരാണ് വിവരമറിയിച്ച് തീയണച്ചത്. അപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിയിരുന്നു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്ത് മറ്റൊരു ലീഗ് പ്രവര്‍ത്തകനായ ചേക്കാമുന്റെ പുരക്കല്‍ ജാഫറിന്റെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാനും അഗ്‌നിക്കിരയാക്കിയിരുന്നു. ദീര്‍ഘകാലമായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തീരദേശത്തെ ശാന്തത തകര്‍ക്കുവാനുള്ള ഗൂഢനീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഒരു മാസം മുമ്പാണ് തൊട്ടടുത്ത പ്രദേശമായ പറവണ്ണ, മുറി വഴിക്കല്‍, പച്ചാട്ടിരി എന്നിവിടങ്ങളില്‍ സമാന രീതിയില്‍ കാറടക്കമുള്ള വാഹനങ്ങള്‍ അഗ്‌നിക്കിരയായിരുന്നത്. ഇതില്‍ സ്‌പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ. അബ്ദുല്‍ ഷുക്കൂറിന്റെ ബൈക്കും വീട്ടുമുറ്റത്ത് അഗ്‌നിക്കിരയായിരുന്നുവെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.

Sharing is caring!