തെരഞ്ഞെടുപ്പ് ഫലം ; ന്യൂനപക്ഷ വേട്ടക്കെതിരായ ഭൂരിപക്ഷ സമുഹത്തിന്റെ പ്രഹരം: പാണക്കാട് മുനവ്വറലി തങ്ങള്‍

തെരഞ്ഞെടുപ്പ് ഫലം ; ന്യൂനപക്ഷ വേട്ടക്കെതിരായ ഭൂരിപക്ഷ സമുഹത്തിന്റെ പ്രഹരം: പാണക്കാട് മുനവ്വറലി തങ്ങള്‍

ചാവക്കാട്:നരേന്ദ്ര മോദിയുടെ ഏക മത സങ്കല്‍പ്പത്തിന് ഹൈന്ദവ മത വിശ്വാസികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഹിന്ദി ഹൃദയ ഭൂമിയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് യുവജന യാത്രക്ക് അണ്ടത്തോട്, തിരുവത്ര, ചാവക്കാട് എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന മോദിയുടെ തന്ത്രത്തിനാണ് തിരിച്ചടിയേറ്റത്. ന്യൂനപക്ഷങ്ങളെ വേട്ടയാടിയാല്‍ ഭൂരിപക്ഷ വിഭാഗം ഒപ്പം നില്‍ക്കുമെന്നാണ് അദ്ദേഹം ധരിച്ചത്. എന്നാല്‍ 90 ശതമാനത്തിലേറെ ഹൈന്ദവ മത വിശ്വാസികള്‍ വോട്ടര്‍മാരായുള്ള സംസ്ഥാനങ്ങളിലെ ജനവിധി ആ ധാരണ തിരുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മനസ് മതേതരമാണ്. അതിന് മേല്‍ ഫാസിസീ നേടുന്ന വിജയം താല്‍ക്കാലികം മാത്രമായിരിക്കും.
തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മോദിയേക്കാള്‍ കൂടുതല്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു. യോഗി ഏറ്റവും കൂടുതല്‍ വേദികളില്‍ പ്രസംഗിച്ച രാജസ്ഥാനിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റത്.
പശുവിന്റെ പേരില്‍ സംഘ്പരിവാറുകാര്‍ ഇന്ത്യയിലാകമാനം നടത്തിയ അഴിഞ്ഞാട്ടത്തില്‍
നാല്‍പതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മുസഫര്‍നഗര്‍ മുതല്‍ ബുലന്ദ്ഷഹര്‍വരെയും രോഹിത് വെമൂലമുതല്‍ ഗൗരിലങ്കേഷ് വരെയും ന്യൂനപക്ഷ-ഭൂരിപക്ഷവ്യത്യാസമില്ലാതെ ആയിരങ്ങള്‍ കലാപത്തിനും ജീവഹത്യക്കും ഇരകളായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ പശുമന്ത്രിയായ ഒട്ടാറാം ദേവസി രാജസ്ഥാനില്‍ ദയനീയമായി പരാജയപ്പെട്ടത് ബി.ജെ.പിയുടെ പശു രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടി കൂടിയാണ്.തങ്ങള്‍ കുട്ടി ചേര്‍ത്തു.
വര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ മോദിയും കൂട്ടരും മൂന്നുവര്‍ഷം കൊണ്ട് പത്തുലക്ഷത്തോളം പേരെയാണ് വ്യവസായമേഖലയില്‍നിന്ന് മാത്രം വെറുംകയ്യുമായി പറഞ്ഞുവിട്ടത്.
മധ്യപ്രദേശില്‍ പതിനഞ്ചുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി കര്‍ഷകരെ വെടിവെച്ചുകൊന്നാണ് കാര്‍ഷിക പ്രശ്‌നങ്ങളെ നേരിട്ടത്. 2014- 16 കാലയളവില്‍ മാത്രം 36000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. കാര്‍ഷിക വളര്‍ച്ച 5 -ല്‍ നിന്ന് രണ്ടര ശതമാനമായി കുറഞ്ഞു.
വര്‍ഷത്തില്‍ ഒരു കോടി തൊഴില്‍ എന്നായിരുന്നു മോദിയുടെ മുദ്രാവാക്യം. എന്നാല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള രാജ്യമായി ഇന്ത്യ മാറി. ജി.ഡി.പി നിരക്ക് പ്രതീക്ഷിച്ച എട്ടിലെത്തിയില്ലെന്നു മാത്രമല്ല, 5.7 ശതമാനമായി കൂപ്പുകുത്തി. രാജ്യത്തിന്റെ വളര്‍ച്ചയെ പിറകോട്ട് നയിക്കുകയും അത് മറച്ച് വെക്കാന്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന മോദിയുടെ നയം ജനം തിരിച്ചറിഞ്ഞെന്നും മോദി മുക്ത ഭാരതത്തിന് അധികനാള്‍ വേണ്ടി വരില്ലെന്നും അദ്ദേഹം പറ ഞ്ഞു.

Sharing is caring!