പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിനും കൈക്കൂലി, കൂട്ടിലങ്ങാടിയിലെ വെറ്റിനറി ഡോക്ടര്‍ പിടിയില്‍

പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിനും കൈക്കൂലി, കൂട്ടിലങ്ങാടിയിലെ വെറ്റിനറി ഡോക്ടര്‍ പിടിയില്‍

മലപ്പുറം: പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2000രൂപ കൈക്കൂലി വാങ്ങിയ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.
മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി മൃഗാശുപത്രിയിലെ ഡോക്ടര്‍ മക്കരപ്പറമ്പ്് സ്വദേശി പഞ്ചളി വീട്ടില്‍ അബ്ദുള്‍ നാസറാ(44)ണ് പിടിയിലായത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി പ്രവീണിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമാര്‍ട്ടം ചെയ്യാനാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുമാസം മുന്‍പാണ് പ്രവീണിന്റെ പശു രോഗം ബാധിച്ച് ചത്തത്. ഇന്‍ഷ്വറന്‍സ് തുക കിട്ടേണ്ടതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടറെ വിളിച്ചു. ഇന്‍ഷ്വറന്‍സ് തുക കിട്ടുമ്പോള്‍ 2000രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രവീണിന് 50000രൂപ ഇന്‍ഷ്വറന്‍സ് തുക ലഭിച്ചു. ഇതറിഞ്ഞ നാസര്‍ 2000 രൂപ ആവശ്യപ്പെട്ടു.
ഇതോടെ പ്രവീണ്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. മലപ്പുറം യൂണിറ്റ് ഡിവൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നാസറിന് കെണിയൊരുക്കി. തുടര്‍ന്ന് ഇന്ന് വൈകിട്ട് മൂന്നോടെ പ്രവീണിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വച്ച് 2000രൂപ വാങ്ങുന്നതിനിടെ നാസറിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ജില്ലയില്‍ അഞ്ച് മാസത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പതിനൊന്നാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് നാസര്‍. ഇന്‍സ്‌പെക്ടര്‍മാരായ റഫീഖ്, സുരേഷ്, മനോജ്, എ.എസ്.ഐമാരായ മോഹന്‍ദാസ്, മുഹമ്മദലി, ശ്രീനിവാസന്‍, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് നാസറിനെ പിടികൂടിയത്.

Sharing is caring!