വികസന പദ്ധതികള്‍ ജനോപകാരപ്രദമാക്കണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

വികസന പദ്ധതികള്‍ ജനോപകാരപ്രദമാക്കണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

മലപ്പുറം: വികസന പദ്ധതികള്‍ ജനോപകാരപ്രദമാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഓര്‍ഡിനേഷന്‍ മോണിറ്ററിംങ്ങ് കമ്മറ്റിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാനാവിഷ്‌കൃത വികസന പദ്ധതികളുടെ കാര്യക്ഷമമായ സംയോജനം നടക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. നിര്‍വ്വഹണ തലത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നുള്ള നിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും തയ്യാറാക്കി സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ വികസന പദ്ധതികള്‍ കാര്യക്ഷമമമായി നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. ജില്ലയെ പ്രളയക്കെടുതിയില്‍ നിന്ന് കര കയറ്റാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരോടൊപ്പം ജനപ്രതിനിധികളും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതികള്‍ 2019 മാര്‍ച്ചിനകം കൂടി പൂര്‍ത്തീകരിക്കണമെന്നും, എല്ലാ വകുപ്പുകളുടെയും വികസനോന്മുഖമായ പ്രവര്‍ത്തികള്‍ സംയോജിപ്പിച്ച് മാതൃകപരമായ രീതിയില്‍ നടപ്പിലാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കണ്ണമംഗലം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയോടു കൂടി പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ സുസ്ഥിര ആസ്തികള്‍ സൃഷ്ടിക്കുന്നതിനും ശരാശരി തൊഴില്‍ ദിനങ്ങള്‍ കൂടുതലാക്കുന്നതിനും, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനും ശ്രദ്ധ നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി 76000 കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാനായതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 11 കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു. ശരാശരി തൊഴില്‍ദിനങ്ങള്‍ 42 ശതമാനമാണ്. പ്രതീക്ഷിത തൊഴില്‍ ദിനങ്ങളുടെ 85 ശതമാനമാണിത്. 4923 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 9958 പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. ജില്ലയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ 200 ദിവസം തൊഴില്‍ നല്‍കുന്നതിനായി ലക്ഷ്യമിട്ടപ്പോള്‍ 3218 കുടംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1498 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. 68389 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.
യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പി.എം.എ.വൈ, പി.എം.ജി.എസ്സ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്സ്.പി, അന്നപൂര്‍ണ്ണ, എന്‍.എച്ച്.എം.പദ്ധതികള്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലൈവ്‌ലിഹുഡ് മിഷന്‍, സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന എന്നിവയുടെ പുരോഗതി അവലോകനം നടത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍, കമ്മിറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ചാക്കീരി അബ്ദുല്‍ ഹഖ്, കെ.സലീന ടീച്ചര്‍, പറമ്പന്‍ ലക്ഷ്മി, ആസ്യ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.നാസര്‍, പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി, എന്‍. ഉബൈദുള്ള മാസ്റ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.പ്രദീപന്‍, എന്‍.കെ.ദേവകി, സലീം വടക്കന്‍, ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!