മാനവ ഐക്യത്തിന് മഹല്ല് കുടുംബ സംഗമങ്ങള്‍ അനിവാര്യം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

മാനവ ഐക്യത്തിന്  മഹല്ല് കുടുംബ സംഗമങ്ങള്‍  അനിവാര്യം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍

എടപ്പാള്‍: മാനവ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും, സാഹോദര്യം നിലനിര്‍ത്തുന്നതിനും വര്‍ത്തമാന കാലഘട്ടത്തില്‍ മഹല്ല് കുടുംബ സംഗമങ്ങള്‍ ഉപകരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ഓരോ മത വിശ്വാസത്തിലും അടിയുറച്ച് വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുള്ള നമ്മുടെ നാട്ടില്‍ സാമുദായിക സഹവര്‍ത്തിത്ത്വം നിലനിറുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എടപ്പാള്‍ ചുങ്കം മഹല്ല് കമ്മറ്റിയും, മഹല്ല് വെല്‍ഫയര്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച മഹല്ല് കുടുംബ സംഗമം – ഒരുമ 2018- ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡണ്ട് കരിമ്പനക്കല്‍ ഇബ്രാഹിം ഹാജി ആധ്യക്ഷ്യം വഹിച്ചു. മഹല്ല് ഖത്തീബ് മൂസ അഹ്‌സനി മേല്‍മുറി ആത്മീയ പ്രഭാഷണം നടത്തി. ‘വേണം ചില വ്യവസ്ഥിതികള്‍ ‘ എന്ന വിഷയത്തില്‍ മുനീര്‍ ഹുദവി വിളയില്‍, ‘വിശ്വാസത്തിലൂന്നിയ കുടുംബ ബന്ധം ‘ എന്ന വിഷയത്തില്‍ റാഷിദ് ഗസ്സാലി വയനാട് എന്നിവര്‍ ക്ലാസെടുത്തു. ദര്‍സ് വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ മാഗസിന്‍ സമസ്ത പ്രസിഡണ്ട് പ്രകാശനം ചെയ്തു. വെല്‍ഫയര്‍ കമ്മറ്റി സെക്രട്ടറി സി.എം. ശറഫുദ്ദിന്‍ ഹാജി, മഹല്ല് സെക്രട്ടറി പൊറാടത്ത് ഹൈദരലി , അബു ഹാജി പിലാക്കല്‍, അഷറഫ് കോലക്കാട്ട്, മുണ്ടേങ്കാട് മുഹമ്മദുണ്ണി, ചക്കായില്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുനാഫി ഖിറാഅത്ത് നടത്തി. ആത്മീയ സംഗമത്തില്‍ വിവിധ മഹല്ല് ഖത്തീബുമാരായ സക്കരിയ ബദരി, അബ്ദുല്‍ വദൂദ് നിസാമി, സലാം ഫൈസി എന്നിവര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനാ മജ്‌ലിസിന് മഹല്ല് അസി.ഖാളി പി.കെ.മുഹമ്മദ് മുസ്ല്യാര്‍ നേതത്വം നല്‍കി. മഹല്ലിലെ അഞ്ഞൂറോളം കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ സംഗമത്തില്‍ എത്തിച്ചേര്‍ന്നു.

Sharing is caring!