പി.കെ ബഷീര്‍ എം.എല്‍.എയുടെ ഇടപെടല്‍ ഫലംകണ്ടു , വീടുകള്‍ നഷ്ടമായവരുടെ ഗൃഹപ്രവേശം നാളെ

പി.കെ ബഷീര്‍ എം.എല്‍.എയുടെ ഇടപെടല്‍ ഫലംകണ്ടു , വീടുകള്‍  നഷ്ടമായവരുടെ ഗൃഹപ്രവേശം നാളെ

ചാലിയാര്‍: മഴക്കാല ദുരിതത്തില്‍ ഭാഗികമായി നശിച്ച ഒമ്പത് വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. പി കെ ബഷീര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് ഏറനാട് മണ്ഡലം കമ്മിറ്റിയുടേയും, മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് വീടുകള്‍ പുനര്‍നിര്‍മിച്ചത്. പുതുക്കിയ വീടുകളിലേക്ക് ഞായറാഴ്ച കുടുംബങ്ങള്‍ തിരിക്കും.

പ്രളയ ദിനത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകിയാണ് ചാലിയാര്‍ നമ്പൂരിപൊട്ടി കാലിക്കടവിലെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവിടെ ആളപായം ഇല്ലാതെ പോയത്. മലപ്പുറം ജില്ലയില്‍ തന്നെ പ്രളയ ദുരിതത്തില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് ചാലിയാര്‍ പഞ്ചായത്ത്.

മഴക്കാല ദുരിതത്തെ തുടര്‍ന്ന് പി കെ ബഷീര്‍ എം എല്‍ എ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് സ്ഥല നിവാസികള്‍ വീടു നന്നാക്കാന്‍ സഹായം നല്‍കാമെന്ന് എം എല്‍ എ അറിയിച്ചത്. ഇതേ തുടര്‍ന്ന് എം എല്‍ എയുടെ നേതൃത്വത്തില്‍ പാര്‍ട്ടി തലത്തിലും, വ്യക്തിപരമായും ശ്രമം തുടങ്ങുകയും വിജയം കാണുകയുമായിരുന്നു.

ജനങ്ങളാകെ ഭീതിജനകമായ അവസ്ഥയിലായിരുന്നു താന്‍ സ്ഥലം സന്ദര്‍ശിക്കുന്ന സമയത്ത് ഉണ്ടായിരുന്നതെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. ഇവരുടെ അവസ്ഥ കണ്ടാണ് സര്‍ക്കാര്‍ സഹായത്തിന് കാത്തു നില്‍ക്കാതെ തന്നെ വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. മുസ്ലിം ലീഗിന്റെയും, ഏതാനും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഏകദേശം 14 ലക്ഷം രൂപയോളം ചെലവിട്ടാണ് ഒമ്പത് വീടുകള്‍ വാസയോഗ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Sharing is caring!