കേരളാ സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വി.പി നിസാറിന്

കേരളാ സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ് വി.പി നിസാറിന്

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ. ബി.ആര്‍. അംബേദ്കര്‍ അച്ചടി മാധ്യമ പ്രത്യേക ജൂറി പുരസ്‌കാരം മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്.
മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുന്നവര്‍ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം ലഭിച്ചത്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസക്കാരം.

സ്റ്റേറ്റ്സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡ്, കേരളാ നിയമസഭയുടെ ആര്‍.ശങ്കരനാരായണന്‍ തമ്പി മാധ്യമ അവാര്‍ഡ്, കേരളാ മീഡിയാ അക്കാഡമിയുടെ എന്‍.എന്‍ സത്യവ്രതന്‍മാധ്യമ അവാര്‍ഡ്, കൊളമ്പിയര്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി മാധ്യമ അവാര്‍ഡ്, പ്രേംനസീര്‍ മാധ്യമ പുരസ്‌ക്കാരം, 24 ഫ്രൈം ശാന്താദേവി മാധ്യമ അവാര്‍ഡ്് അടക്കം ഒമ്പത് മാധ്യമ പുരസ്‌ക്കാരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നിസാറിന് ലഭിച്ചത്.

പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി സുഭാഷ് ചെയര്‍മാനും, മീരാ വേലായുധന്‍, ആര്‍. എസ് ബാബു, ജോണി ലൂക്കോസ്, ജി.പി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. ഡിസംബര്‍ ആറിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ് നിസാര്‍.

ഭരണഘടനാശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2018 ലെ മാധ്യമ അവാര്‍ഡുകളാണ് ഇന്ന് പ്രഖ്യാപിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കാണ് എല്ലാവര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

മറ്റ് അവാര്‍ഡുകള്‍

അച്ചടി മാധ്യമ വിഭാഗം

മംഗളം ദിനപത്രത്തില്‍ 2017 നവംമ്പര്‍ 28 മുതല്‍ ഡിസംബര്‍ 2 വരെ പ്രസിദ്ധീകരിച്ച ‘ശ്രീകോവിലില്‍ ദളിതര്‍ കടന്നിട്ടും മനസ്സില്‍ വെളിച്ചം കടക്കാത്തവര്‍’ എന്ന കെ സുജിത്തിന്റെ ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. വിവിധ തുറകളില്‍ പട്ടികജാതി വിഭാഗക്കാരോട് സവര്‍ണ മേധാവികള്‍ കാട്ടുന്ന വിവേചനവും അയിത്തവും തുറന്നുകാട്ടുന്നതാണ് ഈ പരമ്പര.

ദൃശ്യമാധ്യമ വിഭാഗം

കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത എം ജി പ്രദീഷിന്റെ നേര്‍ക്കണ്ണ് എന്ന അന്വേഷണാത്മക പരിപാടിക്കാണ് പുരസ്‌കാരം. മലംപണ്ടാരത്തില്‍ പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച പരിപാടിയാണ് ഇതെന്ന് ജൂറി വിലയിരുത്തി.

ശ്രവ്യ മാധ്യമ വിഭാഗം

കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്എം റേഡിയോയില്‍ സരിത ചന്ദ്രന്‍ തയ്യാറാക്കി 2018 ജൂലൈ 11, 12 തീയ്യതികളില്‍ പ്രക്ഷേപണം ചെയ്ത ‘ഊരുവെട്ടം’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. ആദിവാസി ഭാഷയില്‍ തന്നെ അവതരിപ്പിച്ച റിപ്പോര്‍ട്ടാണിത്.

ശ്രവ്യമാധ്യമം – പ്രത്യേക ജൂറി പുരസ്‌കാരം

കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്എം റേഡിയോയില്‍ ആഗസ്ത് 11, 12, 13 തീയ്യതികളില്‍ കെ ദേവകി അവതരിപ്പിച്ച ‘ആദിവാസി മേഖലയിലെ പിന്നോക്കാവസ്ഥയും പരിഹാരവും’ എന്ന റിപ്പോര്‍ട്ടിനാണ് പ്രത്യേക ജൂറി പുരസ്‌കാരം.

Sharing is caring!