60ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന്, പെരിന്തല്‍മണ്ണ പോലീസില്‍ പരാതി

60ലക്ഷം രൂപയുടെ  സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന്,  പെരിന്തല്‍മണ്ണ പോലീസില്‍ പരാതി

പെരിന്തല്‍മണ്ണ: സ്വര്‍ണാഭരണ നിര്‍മാണശാലയുടമയില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചതായി പരാതി. മഞ്ചേരി കരുവമ്പ്രം പുത്രോട്ട് റഷി(40) ആണ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ ഹൈസ്‌കൂളിനടുത്ത് റിയല്‍ എസ്റ്റേറ്റ്-സ്വര്‍ണ ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രഞ്ജിത്തിന്റേയും ഭാര്യയുടേയും പേരിലാണ് പരാതി നല്‍കിയത്. കഴിഞ്ഞമാസം 28-ന് രഞ്ജിത്ത് റഷിയുടെ സ്ഥാപനത്തിലെത്തി 60 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ വേണമെന്ന് പറഞ്ഞു. അത്രയും സ്വര്‍ണം തന്റെ കയ്യിലില്ലാത്തതിനാല്‍ കൊണ്ടോട്ടിയിലുള്ള സ്വര്‍ണവ്യാപാരിയായ സുഹൃത്ത് മുഖേന നല്‍കാമെന്ന് അറിയിച്ചു. ഇതനുസരിച്ച് രഞ്ജിത്ത് കൊണ്ടോട്ടിയിലെത്തി ആഭരണം പരിശോധിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാല്‍ തുക ചെക്കായി നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്വര്‍ണം കൊണ്ടുപോകാന്‍ തങ്ങള്‍ അനുവദിച്ചില്ല. പിറ്റേന്ന് രഞ്ജിത്തിന്റെ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തില്‍ സ്വര്‍ണവുമായി ചെല്ലാനും പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും അറിയിച്ചു. ഇതനുസരിച്ച് 29-ന് രഞ്ജിത്തിന്റെ സ്ഥാപനത്തിലെത്തി സ്വര്‍ണം കൈമാറി. 1765 ഗ്രാം സ്വര്‍ണം രഞ്ജിത്തിന്റെ ഭാര്യയാണ് വാങ്ങിയത്. ഇതിനിടെ ബാങ്ക് മാനേജറെന്ന പറഞ്ഞ് ഒരാളെ രഞ്ജിത്ത് ഫോണില്‍ വിളിച്ചു. പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ബാങ്കില്‍ നേരിട്ട് എത്താന്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. തങ്ങളെ ഓഫീസിലിരുത്തി രഞ്ജിത്ത് ബാങ്കിലേക്ക് പോവുകയായിരുന്നു. ഒരുമണിക്കൂറിന് ശേഷം തിരികെയെത്തി അക്കൗണ്ടില്‍ പണം കയറാന്‍ രണ്ട് മണിക്കൂര്‍ എടുക്കുമെന്നും വീട്ടില്‍ പോയി വരാമെന്നും പറഞ്ഞു. തങ്ങളും കൂടെപ്പോവുകയും ഇ.എം.എസ്. ആസ്പത്രിക്ക് സമീപത്തെ താമസ സ്ഥലത്ത് നിന്ന് തിരികെ വരുമ്പോള്‍ മനഴി സ്റ്റാന്‍ഡിന് സമീപം രഞ്ജിത്ത് സ്‌കൂട്ടര്‍ നിര്‍ത്തി. കാറിലായിരുന്ന തങ്ങളോട് ഓഫീസിലേക്ക് ചെല്ലാനും ഉടന്‍ അവിടെയെത്താമെന്നും രഞ്ജിത്ത് പറഞ്ഞു. എന്നാല്‍ 12 മണിയായിട്ടും കാണാതായപ്പോള്‍ ഫോണില്‍ വിളിച്ചു. അത്യാവശ്യകാര്യത്തിന് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനിലാണെന്നും ഉടന്‍ എത്തുമെന്നും പറഞ്ഞു. വൈകീട്ട് അഞ്ചുമണിയായിട്ടും കാണാതായതോടെ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു. വിവരമൊന്നും ലഭിക്കാത്തതിനാല്‍ രാത്രി ഒന്‍പതോടെ പെരിന്തല്‍മണ്ണയിലെ താമസസ്ഥലത്തുപോയി. എന്നാല്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. പലയിടത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Sharing is caring!