വളാഞ്ചേരി മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന ടീച്ചറുടെവീടിനുനേരെ പടക്കമെറിഞ്ഞു, ഷാഹിന ആശുപത്രിയില്‍

വളാഞ്ചേരി മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന ടീച്ചറുടെവീടിനുനേരെ പടക്കമെറിഞ്ഞു, ഷാഹിന ആശുപത്രിയില്‍

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ മുന്‍ ചെയര്‍പേഴ്‌സന്‍ എം. ഷാഹിന ടീച്ചറുടെ വീടിനു നേരെ പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം തോന്നിയ ഷാഹിന ടീച്ചറെ വളാഞ്ചേരി നിസാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീമ്പാറയില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലാണ് വീട്ടിലേക്ക് പടക്കം എറിഞ്ഞതെന്ന് ടീച്ചര്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ ആശുപത്രിയില്‍ എത്തി ടീച്ചറെ സന്ദര്‍ശിച്ചു.

യുഡിഎഫ് സീറ്റ് നിലനിര്‍ത്തി

വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 55 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ഫാത്തിമ നസിയ 401 വോട്ടുകള്‍ നേടിയപ്പോള്‍ ഇടതുപിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അസ്മ പാറക്കല്‍ 346 വോട്ടുകള്‍ നേടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച മുന്‍ വൈസ് പ്രസിഡന്റ് മുനീറ 42 വോട്ടുകളും ശ്യാമള 5 വോട്ടുകളും നേടി.

വളാഞ്ചേരി നഗരസഭയിലെ മുസ്ലിം ലീഗിന്റെ കുത്തകയായിരുന്ന മീമ്പാറ ഡിവിഷണില്‍ ഭൂരിപക്ഷം കഴിഞ്ഞ തവണ ലഭിച്ച 164 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 55 ആയി കുറഞ്ഞത് യു.ഡി.എഫിന് ക്ഷീണം ചെയ്തു. ലീഗ് നേതൃത്വത്തോട് ഇടഞ്ഞു ചെയര്‍പേഴ്‌സണ്‍ ആയിരുന്ന എം ഷാഹിന ടീച്ചര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജി വെച്ചത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പ്രതിപക്ഷ കക്ഷികള്‍ വികസന മുരടിപ്പ് ആരോപിക്കുന്നുണ്ടെങ്കിലും വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടക്കം വിവിധ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയത് മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിന് നേരിട്ടത് യു.ഡി.എഫിന് രക്ഷയായി.

കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന മുനീറയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കി യു.ഡി.എഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുവാനുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.

Sharing is caring!