ജില്ലയിലെ നാലുവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം വീതം എല്‍.ഡി.എഫിനും യുഡിഎഫിനും

ജില്ലയിലെ നാലുവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം വീതം എല്‍.ഡി.എഫിനും യുഡിഎഫിനും

മലപ്പുറം: ജില്ലയിലെ നാലുവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളില്‍ എല്‍.ഡിഎഫും രണ്ട് വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു. അമരമ്പലത്ത് വാര്‍ഡ് തിരിച്ചു പിടിച്ച് എല്‍.ഡി.എഫ് നേട്ടംകൊയതു. മറ്റു മൂന്ന്‌സിറ്റിംഗ് സീറ്റുകളും പാര്‍ട്ടികള്‍ നിലനിര്‍ത്തി.

വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി കുമാരന്‍, അമരമ്പലം ഗ്രാമ പഞ്ചായത്ത് ഉപ്പുവള്ളിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അനിത രാജു എന്നിവരും വളാഞ്ചേരി നഗരസഭ മീമ്പാറയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എ.ഫാത്തിമ നസിയ, കൊണ്ടോട്ടി ബ്ലോക്കിലെ ഐക്കരപ്പടിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഫൈസല്‍ കൊല്ലോളിയും വിജയിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി കുമാരന്‍ 503 വോട്ട് നേടി വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി സോമാനാഥന്‍ കളരിക്കലിനെ 61 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സോമനാഥന്‍ കളരിക്കലിന് 442 വോട്ടാണ് ലഭിച്ചത്. അമരമ്പലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അനിത രാജു 625 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ബേബി കളരിക്കലിന് 479 വോട്ട് ലഭിച്ചു. ബേബികളരിക്കലിനെ 146 വോട്ടിനാണ് അനിത രാജു പരാജയപ്പെടുത്തിയത്.
വളാഞ്ചേരി നഗരസഭ മീമ്പാറയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി എ.ഫാത്തിമ നസിയ 401 വോട്ട് നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി ആസ്മാബി പാറക്കലിനെ 55 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആസ്മാബി പാറക്കലിന് 346 വോട്ടാണ് ലഭിച്ചത്.
കൊണ്ടോട്ടി ബ്ലോക്കില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഫൈസല്‍ കൊല്ലോളി 3380 വോട്ടിന് വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നജ്മുദ്ദീന്‍ ഓലശ്ശേരിയെ 1354 വോട്ടിനാണ് പരാജയപ്പെടുത്തിയത്. നജ്മുദ്ദീന്‍ ഓലശ്ശേരിയ്ക്ക് 2026 വോട്ട് ലഭിച്ചു.
സ്ഥാനര്‍ഥികളുടെ പേര്, പാര്‍ട്ടി, ലഭിച്ച വോട്ടുകള്‍
വളാഞ്ചേരി നഗരസഭ-മീമ്പാറ
ഫാത്തിമ നസിയ.എം(ഐ.യു.എം.എല്‍)-401
ആസ്മാബി പാറക്കല്‍(സ്വതന്ത്ര)-346
കെ.പി മുനീറ ടീച്ചര്‍(സ്വതന്ത്ര)-46
ശ്യാമള(സ്വതന്ത്ര)-5
കൊണ്ടോട്ടി ബ്ലോക്ക് -ഐക്കരപ്പടി
ഫൈസല്‍ കൊല്ലോളി(ഐ.യു.എം.എല്‍)-3380
നജ്മുദ്ദീന്‍ ഓലശ്ശേരി(എല്‍.ഡി.എഫ്)-2026
സജീഷ് ചീരക്കൊട(ബി.ജെ.പി)-642
സിയാദ് കെ.(പി.ഡി.പി)-170
കാവുങ്ങര മാധവന്‍ ഇ.കെ(ആം.ആദ്.മി)-34
അമരമ്പലം ഗ്രാമ പഞ്ചായത്ത്-ഉപ്പുവള്ളി
അനിത രാജു(സ്വതന്ത്ര)-625
ബേബി കളരിക്കല്‍(യു.ഡി.എഫ്)-479
രജനി ദാസ്(ബി.ജെ.പി)-164
വട്ടം കുളം ഗ്രാമപഞ്ചായത്ത്
കെ.വി കുമാരന്‍ (എല്‍.ഡി.എഫ്)-503
സോമനാഥന്‍ കളരിക്കല്‍ (ബി.ജെ.പി)-442
അബ്ദുല്‍ കരീം.കെ.പി(യു.ഡി.എഫ് സ്വതന്ത്രന്‍)-141
അബ്ദുല്‍ അസീസ്(ആം.ആദ്മി)-07

യു.ഡി.എഫിലെ വിഭാഗീയതയിലുടെ
എല്‍.ഡി.എഫിന് വിജയം

അമരമ്പലത്തെ എല്‍.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയം പ്രകടമാവുന്നത് യു.ഡി.എഫിലെ വിഭാഗീയത. 2005 ലെ തെരെഞ്ഞെടുപ്പില്‍ ഉപ്പുവള്ളി വാര്‍ഡില്‍ 401 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി.എഫ് സ്ഥാനാര്‍ത്ഥി അനിതാ രാജു വിജയിച്ചത്. അമരമ്പലം ഗ്രാമവഞ്ചായത്തിലെ യു.ഡി.എഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷവും ഉപ്പുവള്ളി വാര്‍ഡില്‍ തന്നെയായിരുന്നു. എന്നാല്‍ യു.ഡി.എഫ് ന് ഉപ്പു വള്ളി വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ വന്‍ പരാജയത്തെ ഏറ്റുവാങ്ങേണ്ടി വന്നു. യു.ഡി.എഫിന് ഉള്ളിലെ വിഭാഗീയതകളും തെരെഞ്ഞെടുപ്പിനെ ബാധിച്ചതായാണ് സൂചന. ലീഗ് അണികള്‍ക്കിടയില്‍ കോണ്‍ ഗ്രസ്സുമായുള്ള അഭിപ്രായ ഭിന്നതയും യു.ഡി.എഫ് ന് തിരിച്ചടിയായതായി അഭിപ്രായമുണ്ട്.യു.ഡി.എഫ് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നന്ന് ആരോപിച്ച് രാജി വെച്ച അനിത രാജുവിന്റെ രണ്ടാംവിജയം കോണ്‍ഗ്രസ്സിന് തീരാകളങ്കമാണ്. മാത്രമല്ല ശബരിമല വിഷയം ഗുണം ചെയ്യുമെന്ന് കരുതിയ ബി.ജെ.പിക്കും തിരിച്ചടി ലഭിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വാര്‍ഡില്‍ 160 വോട്ടാണ് ഉണ്ടായിരുന്നത്. ഈ വോട്ടില്‍ നിന്നും നാല് വോട്ടുകളുടെ വര്‍ധനവ് മാത്രമേ ബി.ജെ.പിക്ക് ഉപതെഞ്ഞെടുപ്പില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ലഭിക്കുമെന്ന് കണക്ക് കൂട്ടിയ ബി.ജെ.പി വാര്‍ഡില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കളെ വരെ ഇറക്കിയായിരുന്നു ബി.ജെ.പിയുടെ വാര്‍ഡിലെ പ്രചരണം. ശബരിമല വിഷയമെന്നും ഉപ്പു വള്ളിലെ ഉപതെരെഞ്ഞെടുപ്പില്‍ ഏറ്റില്ലെന്നത് എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും അഭിമാന നിമിഷമാണ്. മാത്രമല്ല അനിതയുടെ വാദങ്ങള്‍ ജനം ഏറ്റെടുത്തു എന്നതും ഈ ഉപതെരെഞ്ഞെടുപ്പിലൂടെ വ്യക്തമാണ്. ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് ആയിരുന്നെങ്കിലും സംസ്ഥാന തലത്തിലുള്ള നേതാക്കന്മാര്‍ പ്രചാരണത്തിനെത്തിയത് രംഗം കൊഴുപ്പിച്ചിരുന്നു. വട്ടിയൂര്‍കാവ് എം.എല്‍.എ കെ.മുരളീധരന്‍, എടവണ്ണ എം.എല്‍.എ പി.കെ.ബഷീര്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ യു.ഡി.എഫ് പ്രചരണത്തിനെത്തിയപ്പോള്‍ എല്‍.ഡി.എഫ് പ്രചരണത്തിന് നേതൃത്വം നല്‍കിയത് പി.വി.അന്‍വര്‍ എം.എല്‍.എ ആയിരുന്നു. അത് കൊണ്ട് തന്നെ വിജയം അന്‍വര്‍ എം.എല്‍.എക്ക് മണ്ഡലത്തിലുള്ള ആധിപത്യത്തെ ഉറപ്പിക്കുന്നതാണ്. നിലമ്പൂര്‍ മണ്ഡലത്തില്‍ പി.വി.അന്‍വറിന് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് അമരമ്പലത്ത് ആയിരുന്നു. കഴിഞ്ഞതവണ വാര്‍ഡില്‍ തനിച്ച് മത്സരിച്ച സി.പി.ഐ71 വോട്ട് നേടിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി 65 വോട്ടും നേടിയിരുന്നു. ഇതില്‍ സി.പി.ഐ വോട്ടുകള്‍ ഇടതുപക്ഷത്തിന് ഗുണകരമായപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയ യു.ഡി.എഫിന്റെ വോട്ടില്‍ അത് പ്രതിഫലിച്ചില്ല. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്സിലെ ജന്മിത്വസമീപനങ്ങള്‍ക്കെതിരെയും അധികാര മോഹ സമീപനങ്ങള്‍ക്കെതിരെയും പാര്‍ട്ടിയില്‍ നിന്നു തന്നെ ശബ്ദമുയരും എന്ന കാര്യത്തിലും സംശയമില്ല.

Sharing is caring!