പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പഴശ്ശിരാജ അവാര്‍ഡ്

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പഴശ്ശിരാജ അവാര്‍ഡ്

മലപ്പുറം: പഴശ്ശിരാജ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ ഏഴാമത് പഴശ്ശിരാജ അവാര്‍ഡ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു നല്‍കാന്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയായ തങ്ങള്‍ മലബാറിന്റെയും സവിശേഷമായി വയനാടിന്റെയും സമഗ്ര വികസനത്തിനും പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി സാമൂഹ്യ ഉന്നമനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷനായ സമിതിയാണ് തങ്ങളെ ജേതാവായി തിരഞ്ഞെടുത്തത്. മതസൗഹാര്‍ദത്തിനും മാനവികതയ്ക്കും ഹൈദരലി തങ്ങള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വയനാട് മുസ്ലിം ഓര്‍ഫനേജിനു കീഴില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ അടക്കമുള്ള 22 സ്ഥാപനങ്ങളുടെ രക്ഷാധികാരി കൂടിയായ തങ്ങള്‍ പ്രദേശത്തിന്റെ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാന്‍ അക്ഷീണം പ്രയത്നിക്കുന്ന വ്യക്തിയാണ്.

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചാന്‍സലര്‍, പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ്, എം.ഇ.എ എന്‍ജീനിയറിങ് കോളജ്, ഇ.എം.ഇ.എ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ എന്ന നിലയിലും ഹൈദരലി തങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് കമ്മിറ്റി വിലയിരുത്തി.

30ന് പഴശ്ശിരാജ കോളജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഭാരവാഹികളായ ഫാ. ജോര്‍ജ് ആലംമൂട്ടില്‍, ഫാ. ടോണി കോഴിമണ്ണില്‍, പ്രിന്‍സിപ്പല്‍ എം.ഒ റോയി, ഡോ. ജോഷി മാത്യു, എം.എം സലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sharing is caring!