മുസ്ലിംലീഗ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി ജില്ലാ നേതൃത്വം മരവിപ്പിച്ചു

മുസ്ലിംലീഗ് മമ്പാട്  പഞ്ചായത്ത് കമ്മിറ്റി ജില്ലാ നേതൃത്വം മരവിപ്പിച്ചു

വണ്ടൂര്‍: ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് മുസ്ലിംലീഗ് മമ്പാട് പഞ്ചായത്ത് കമ്മിറ്റി ജില്ലാ നേതൃത്വം മരവിപ്പിച്ചു. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പരസ്പരം കാലുവാരിയതിനാല്‍ യുഡിഎഫിന് ഇവിടെ പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. മമ്പാട് പഞ്ചായത്തിലെ സിപിഐ എം പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ കാട്ടുമുണ്ട വാര്‍ഡ് അംഗം കണ്ണിയന്‍ റുഖിയ എത്തിയിരുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗിലെ മമ്പാട് സൗത്ത് വാര്‍ഡ് അംഗം വോട്ട് അസാധുവാക്കുകയുംചെയ്തു.
യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് മത്സരിച്ച ലീഗ് അംഗത്തിന് ലഭിക്കേണ്ടിയിരുന്ന മമ്പാട് പഞ്ചായത്തിലെ ലീഗ് അംഗങ്ങളുടെ വോട്ടുകള്‍ മുഴുവനും അസാധുവായി. ഇതെല്ലാമാണ് നടപടിക്ക് കാരണമായത്.
ഗ്രൂപ്പിസത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കണ്ണിയന്‍ റുഖിയ മെമ്പര്‍സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. സുഹ്‌റയെ ഭാവിയില്‍ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചേക്കില്ല. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായ മമ്പാട്ടെ പി എ റഹ്മാന്‍ തല്‍സ്ഥാനം ഒഴിയേണ്ടിയും വരും.
കമ്മിറ്റി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികള്‍: അബ്ദുല്‍ മജീദ് (വി പി കോയ പൊങ്ങല്ലൂര്‍- പ്രസിഡന്റ്), ഡോ. പി അന്‍വര്‍ (സെക്രട്ടറി), ഫൈസി കാട്ടുമുണ്ട (ട്രഷറര്‍).

Sharing is caring!