മുന്‍മന്ത്രിയും ലീഗ് നേതാവുമായിരുന്ന എം.പി.എം കുരിക്കളുടെ മകനും മരുമകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മുന്‍മന്ത്രിയും ലീഗ് നേതാവുമായിരുന്ന എം.പി.എം കുരിക്കളുടെ മകനും മരുമകളും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മഞ്ചേരി: മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന പരേതനായ അഹമ്മദ്കുരിക്കളുടെ മകനും മരുമകളും
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
പ്രമുഖ വ്യാപാരി കൂടിയായ ചുള്ളക്കാട് എം.പി.എം അഹമ്മദ് മൊയ്തീന്‍ കോയ കുരിക്കളും (കുഞ്ഞാക്ക-71)യുമാണ് ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

മൊയ്തീന്‍കോയ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയും ഭാര്യ ഹാജറ (64) അഞ്ച് മണിയോടെയുമാണ് മരിച്ചത്. ലീഗ് നേതാവായിരുന്ന പരേതനായ മമ്മുക്കേയിയുടെ മകളാണ് ഹാജറ. മൊയ്തീന്‍കോയ വീട്ടിലും ഹാജറ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് തിരൂരില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ മൊയ്തീന്‍കോയ രാത്രി 11മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രണ്ട് മണിയോടെയാണ് മരണ വിവരം അറിയുന്നത്. ഹാജറയുള്‍പ്പടെയുള്ളവര്‍ ചേര്‍ന്നായിരുന്നു മരണാന്തര ക്രിയകള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബന്ധുക്കളേയും മറ്റും വിവരം അറിയിച്ച് കുടുംബം മറ്റ് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം വീണ്ടും കുരിക്കള്‍ വീട്ടിലേക്ക് എത്തിയത്. നാല് മണിയോടെ ഹാജറക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ച് മണിയോടെ പരലോകത്തേക്ക് അവരും യാത്രയായി.
നേരത്തെ മൊയ്തീന്‍കോയയുടെ ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഹാജറയുടെ മരണത്തെ തുടര്‍ന്ന് ഇത് രാത്രി എട്ടരയിലേക്ക് മാറ്റി. മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് വളപ്പിലെ കുടുംബ ഖബര്‍സ്ഥാനിലാണ് ഇരുവരുടേയും ഖബറടക്കം നടക്കുക.
മഞ്ചേരിയിലെ വ്യാപാര പ്രമുഖനായിരുന്ന മൊയ്തീന്‍കോയ അഹമ്മദ്കുരിക്കളുടെ മൂത്ത മകനായിരുന്നു. കുരിക്കള്‍ പ്ലൈവുഡ്സ്, കുരിക്കള്‍ ഇന്റീരിയോ, കുരിക്കള്‍ ഗ്ലാസ് എന്നിവ ഇദ്ദേഹം നടത്തിയിരുന്നു. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: കളത്തിങ്ങല്‍ ആമിന. മക്കള്‍: അഹമ്മദ് ഫൈസല്‍ കുരിക്കള്‍ (ബിസിനസ്), മുഹമ്മദ് ഫുസൈല്‍ കുരിക്കള്‍ (ബിസിനസ്), ഉമ്മര്‍ഫാറൂക്ക് (ബിസിനസ്), ആമിന ഫിജിസ, ആയിഷ ഫര്‍ഹ, ഫാത്തിമ സബ്ന, ഖദീജ ഫൗസിയ, മറിയം ഫരീദ. മരുമക്കള്‍: റജീന (മക്കരപ്പറമ്പ്), നജ്മ (മലപ്പുറം), അനൂഷ (താമരശ്ശേരി), അഷ്റഫ് (പൊന്നാനി), സമദ് (ചെന്നൈ), അഫ്സല്‍, ഫഹദ്, ഫവാസ് (മൂവരും ജിദ്ദ). സഹോദരങ്ങള്‍: മെഹബൂബ് ഹസന്‍കുരിക്കള്‍ (ബിസിനസ്), അഹമ്മദ് ഇസ്മയില്‍ കുരിക്കള്‍ (ബിസിനസ്), ലിയാഖത്തലി കുരിക്കള്‍ ( ബിസിനസ്), സൈനബ (കോഴിക്കോട്), സുഹറ (തേഞ്ഞിപ്പലം), ആയിഷ ലൈല (തിരൂര്‍).

Sharing is caring!