തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിചോദ്യം ചെയ്ത് കെ.എം ഷാജി ഉദ്ധരിച്ചത് സി.എച്ച് മുഹമ്മദ് കോയക്ക് അനുകൂലമായി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി  വിധിചോദ്യം ചെയ്ത് കെ.എം ഷാജി ഉദ്ധരിച്ചത്  സി.എച്ച് മുഹമ്മദ് കോയക്ക് അനുകൂലമായി  സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ  നിരീക്ഷണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിചോദ്യം ചെയ്ത് മുസ്ലിംലീഗ് എം.എല്‍.എ കെ.എം ഷാജി ഉദ്ധരിച്ചത് 1978ല്‍ മുന്‍കാല നേതാവും മുന്‍ മുഖ്യമന്ത്രി കൂടിയായ സി.എച്ച് മുഹമ്മദ് കോയക്ക് അനുകൂലമായി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം. സി.എച്ച് ചീഫ് എഡിറ്ററായിരുന്ന ചന്ദ്രികാദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വിജയം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെയാണ് അന്ന് മുസ്ലിംലീഗ് സുപ്രിംകോടതിയില്‍ ചോദ്യംചെയ്തത്. ആര്‍.എസ്.എസും ജനസംഘവും മാര്‍ക്സിസ്റ്റുകളും മുസ്ലിംകള്‍ക്ക് എതിരാണെന്ന ചന്ദ്രികയിലെ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കോടതി കണ്ടെത്തിയത്.

1977 ഡിസമ്പര്‍ 19നാണ് വിദ്യാഭ്യാസമന്ത്രി കൂടിയായ സി.എച്ചിന്റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ അദ്ദേഹത്തിനു മന്ത്രിസ്ഥാനവും നഷ്ടമായി. സി.എച്ച് മുഹമ്മദ് കോയയും ടി.കെ.എസ്.എം.എ മുത്തുകോയയും തമ്മിലുള്ള കേസില്‍ 1978 ജനുവരി 11ന് സുപ്രിംകോടതി കീക്കോടതി വിധി റദ്ദാക്കി. വൈകാതെ വിദ്യാഭ്യാസമന്ത്രിയായി സി.എച്ച് വീണ്ടും സത്യപ്രതിജ്ഞചെയ്തു.

സ്ഥാനാര്‍ത്ഥിയുടെ പൂര്‍ണ അനുമതിയോടെ ഇറക്കിയ ലഘുലേഖയിലെ ഉള്ളടക്കം മാത്രമെ ഇക്കാര്യങ്ങളില്‍ പരിഗണിക്കൂവെന്നായിരുന്നു സി.എച്ചിന്റെ ഹരജിയില്‍ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥിയുടെ ഏജന്റിന്റെയോ ബോധപൂര്‍വമായ സമ്മതം ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി. സുപ്രിംകോടതിയുടെ ആ പരാമര്‍ശമാണ് നാലുപതിറ്റാണ്ടിനു ശേഷം സമാനകേസില്‍ കെ.എം ഷാജിക്കുവേണ്ടി സമര്‍പ്പിച്ച ഹരജിയിലും മുസ്ലിംലീഗ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുസ്ലിംലീഗ് നേതാവ് കൂടിയായ ഹാരിസ് ബീരാനാണ് ഷാജിക്കു വേണ്ടി ഹരജി തയ്യാറാക്കിയത്.

ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയല്ല വിവാദലഘുലേഖ തയ്യാറാക്കിയതെന്നാണ് ഹരജിയിലെ പ്രധാനവാദം. ഷാജിയുടെ വിജയസാധ്യതയില്ലാതാക്കാനായി നിര്‍ത്തിയ വിമത സ്ഥാനാര്‍ഥിയുടെ പക്കല്‍ നിന്നാണ് ലഘുലേഖ കണ്ടെത്തിയതെന്ന വസ്തുത ഹൈക്കോടതി കണ്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Sharing is caring!