കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് കുഞ്ഞാലിക്കുട്ടി

കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു എം ഐ ഷാനവാസെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. വിദ്യാര്‍ഥി രാഷ്ട്രീയ കാലം മുതല്‍ മലബാറില്‍ നിറഞ്ഞ നിന്ന് സാനിധ്യമാണ് അദ്ദേഹം. വയനാട്ടില്‍ നിന്നുള്ള എം പിയെന്ന നിലയില്‍ മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവിനെ കൂടിയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിലും, പാര്‍ലമെന്റ്ലും അദ്ദേഹം തന്റെ നിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും, വിദ്വേഷ പ്രചരണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം ശ്രദ്ധ ചെലുത്തി.

ഫറോക്ക് കോളേജിലെ വിദ്യാഭ്യാസ കാലം മുതല്‍ അടുത്തറിയാവുന്ന സുഹൃത്തിനെയാണ് വ്യക്തിപരമായി തനിക്ക് നഷ്ടമായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തിരുത്തല്‍ ശക്തിയായ രമേശ് ചെന്നിത്തലയ്ക്കും, ജി കാര്‍ത്തികേയനുമൊപ്പം എം ഐ ഷാനവാസ് നിറഞ്ഞ് നിന്ന കാലത്ത് താന്‍ കെ കരുണാകരന്‍ മന്ത്രിയായിരുന്നു. സര്‍ക്കാരിന്റെ ഓരോ നടപടികളും ശ്രദ്ധിച്ച് വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ച്, ശക്തമായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നതിന് അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, കോണ്‍ഗ്രസ് പാര്‍ട്ടിക്കും, യു ഡി എഫിനും തീരാനഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തില്‍ മുസ്ലിം ലീഗ് പങ്കുചേരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!