നാടും നഗരവും നബിദിനം ആഘോഷിക്കുന്നു

നാടും നഗരവും  നബിദിനം  ആഘോഷിക്കുന്നു

മലപ്പുറം: മനസ്സു തുറന്നുള്ള ചെറുപുഞ്ചിരിപോലും ധാനമാണെന്ന് പഠിപ്പിച്ച അന്ത്യപ്രവാചകന്റെ 1493 -ാ മത് ജന്മദിനാഘോഷങ്ങള്‍ തുടങ്ങി.
ഇന്നാണ് റബീഉല്‍ അവ്വല്‍ 12, റബീഉല്‍ അവ്വല്‍ പിറ ദര്‍ശിച്ചതോടെ മൗലീദ് – ബുര്‍ദ പാരായണങ്ങള്‍ കൊണ്ട് മുഖരിതമായ വീടുകളിലും മസ്ജിദുകളിലും നബിദിനാഘോഷങ്ങള്‍ക്കുളള അവസാന വട്ട ഒരുക്കങ്ങള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും നബിദിനത്തോടനുബന്ധിച്ചു പള്ളികള്‍ കേന്ദ്രീകരിച്ചു മൗലീദ് പാരായണങ്ങളും അന്നദാനങ്ങളും നബിദിന റാലികളും സംഘടിപ്പിച്ചു. ഘോഷയാത്രകളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും മദ്ഹ് – മൗലീദ് ശീലുകള്‍ പാടിയുമാണ് അന്ത്യ പ്രവാചകന്റെ പിറന്നാള്‍ മുസ്ലിം സമൂഹം വരവേല്‍ക്കുന്നത്.

പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികള്‍ക്കും കാരുണ്യ സ്പര്‍ശമായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി വന്നത്. പിറന്ന് വീഴുമ്പോള്‍ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ തിരുനബിയുടെ പിതാവ് ജീവിച്ചിരുന്നില്ല. എങ്കിലും മലക്കുകളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമായ മുഹമ്മദ് നബിയുടെ തിരുപിറവിയില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് ലോകം സാക്ഷിയായിഎന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ വ്യക്തമാണ്.
ചിട്ടയാര്‍ന്ന നടപടിയും സത്യസന്ധതയും സല്‍സ്വഭാവവും ശീലമാക്കിയ അന്ത്യപ്രവാചകനെ അറേബ്യന്‍ ജനത അക്കാലത്ത് ‘അല്‍അമീന്‍’ എന്നാണ് വിളിച്ചിരുന്നത്. ആറു വയസ്സായപ്പോഴേക്കും വാല്‍സല്യ മാതാവും കണ്‍മറഞ്ഞു. തീര്‍ത്തും അനാഥനായ മുഹമ്മദിനെ പിന്നീട് വളര്‍ത്തിയത് പിന്നീട് വലിയുപ്പയാണ്.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരകേന്ദ്രമായി, പാവങ്ങള്‍ക്ക് അത്താണിയായി അനാഥകള്‍ക്ക് അഭയമായി, മര്‍ദ്ധിതര്‍ക്ക് രക്ഷകനായി മുഹമ്മദ് നബി വളര്‍ന്നു. പ്രബോധന വീഥിയില്‍ മുഹമ്മദ് നബി സഹിച്ച ത്യാഗങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഉണ്ണാനും ഉടുക്കാനും ഇല്ലാതെ മദീനയില്‍ നിന്നും ദൂരെ ദിക്കുകളില്‍ നിന്നും സഹായത്തിനായി വരുന്ന പാവങ്ങളെയെല്ലാം നബി സഹായിക്കുമായിരുന്നു. ഈന്തപ്പനയോലയില്‍ കിടന്നുറങ്ങിയ പ്രവാചകന്റെ ജീവിതത്തിലെ വിനയത്തിന്റെ പാഠങ്ങള്‍ എന്നും നിലനില്‍ക്കും. ഭക്ഷണം കിട്ടാതെ ഏങ്ങലടിച്ച് കരയുന്ന ഒട്ടകത്തിന്റെ അവാകാശത്തിന് വേണ്ടി ശബ്ദിച്ചും ഉറുമ്പ് കൂട്ടത്തെ കരിച്ചുകൊന്ന ശിഷ്യരോട് കോപിച്ചും പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട്വന്നയാളെ ശകാരിച്ച് അവക്ക് മോചനം നല്‍കിയും മുണ്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിപ്പൂച്ചയുടെ ഉറക്കമുണര്‍ത്താതെ ബാക്കി ഭാഗം മുറിച്ചെടുത്ത് നടന്നകന്നതും നബിയുടെ വിശാലമായ കാരുണ്യത്തെയാണ് കാണിക്കുന്നത്. കലുഷ്യങ്ങള്‍ നിറഞ്ഞ ഇന്നിന്റെ ലോകത്തിന് പ്രവാചകന്റെ ജീവിത ചര്യമാത്രമാണ് പരിഹാരം.

Sharing is caring!