ഇനി നീളില്ല… കരിപ്പൂരില്‍ വലിയ വിമാനം ഡിസംബര്‍ നാലു മുതല്‍

ഇനി നീളില്ല… കരിപ്പൂരില്‍ വലിയ വിമാനം ഡിസംബര്‍ നാലു മുതല്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍നിന്നും വീണ്ടും വലിയ വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ നാലു മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. കടമ്പകള്‍ ഏറെ കടന്നാണ് വീണ്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നത്. 2015 മേയ് ഒന്നുമുതലാണ് റണ്‍വേ നവീകരണത്തിനായി കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പ്രവൃത്തി പൂര്‍ത്തിയായെങ്കിലും സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് അനന്തമായി നിളുകയായിരുന്നു. പിന്നീട് നിരന്തരമായ ഇടപ്പെടലുകള്‍ക്ക് ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് വീണ്ടും ഡി.ജി.സി.എ അനുമതി നല്‍കിയത്. ഡിസംബര്‍ നാലു മുതലാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണുണ്ടാകുക. കോഴിക്കോട്-ജിദ്ദ സെക്ടറില്‍ അഞ്ചും കോഴിക്കോട്-റിയാദ് സെക്ടറില്‍ രണ്ടും സര്‍വീസുകളുണ്ടാകും. 298പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 330-300 വിമാനമാണ് ഈസെക്ടറില്‍ ഉപേയാഗിക്കുക. ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ രണ്ട് സര്‍വീസുകളിലൊന്നാണ് കരിപ്പൂരിലേക്ക് മാറ്റുന്നത്. വലിയ വിമാനങ്ങള്‍ പറക്കുന്നതോടെ കരിപ്പൂരില്‍ വീണ്ടും തിരക്ക് വര്‍ധിക്കും. അത്യാധുനിക സൗകര്യങ്ങളുമായി പുതിയ അന്താരാഷ്്ട്ര ടെര്‍മിനലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ 2015 ല്‍ പ്രതിദിന സര്‍വീസുകള്‍ 50 ല്‍ താഴെയായിരുന്നു. നിലവില്‍ ഇത് 80ന് മുകളിലാണ്. വലിയ വിമാനങ്ങള്‍ തിരിച്ചെത്തുന്നതോടെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ സ്ഥിരമാകുമെന്നതാണ് നേട്ടം. ഉംറ തീര്‍ത്ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഇത് ആശ്വാസകരമാകും. വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലബാറില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ജിദ്ദ, റിയാദ്, ദുബൈ സെക്ടറിലാണ് ഒറ്റയടിക്ക് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിലച്ചുപോയത്. ദുബൈയിലേക്ക് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ചെങ്കിലും ജിദ്ദ, റിയാദ് സെക്ടറില്‍ ഒരു വിമാനം പോലുമുണ്ടായിരുന്നില്ല. പിന്നീട് 2016 ഡിസംബര്‍ മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് ആരംഭിച്ചെങ്കിലും ചെറിയ വിമാനമായതിനാല്‍ ആവശ്യത്തിനുളള സീറ്റുകള്‍ ലഭ്യമായിരുന്നില്ല.

Sharing is caring!