മലപ്പുറം എസ്.പിയും മലപ്പുറം കലക്ടറും ഇന്ന് നേര്‍ക്കുനേര്‍

മലപ്പുറം എസ്.പിയും മലപ്പുറം കലക്ടറും ഇന്ന് നേര്‍ക്കുനേര്‍

മലപ്പുറം: ഭരണനിര്‍വഹണത്തിലെ ഐക്യം വെള്ളിയാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തില്‍ കലക്ടറും ജില്ലാ പൊലീസ് മേധാവിയും കാറ്റില്‍പ്പറത്തും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ‘കാല്‍പ്പന്തിലൂടെ അതിജീവനം’ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായാണ് ഇരുടീമുകളിലായി ഇരുവരും ബൂട്ടണിയുന്നത്.
കലക്ടേഴ്‌സ്, -എസ്പി ഇലവന്‍ എന്നീ ടീമുകളിലായാണ് കലക്ടര്‍ അമിത് മീണയും ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറും മത്സരിക്കുക. മറ്റൊരു മത്സരത്തില്‍ മീഡിയ-വ്യാപാരി വ്യവസായി ഇലവനും മത്സരിക്കും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ സുബ്രതോ കപ്പ് ജേതാക്കളായ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ് ടീമും മലപ്പുറം എംഎസ്പി സ്‌കൂളും ഏറ്റുമുട്ടും. വെറ്ററന്‍ -ഫയര്‍ഫോഴ്‌സ് ഇലവന്‍ തുടങ്ങിയ ടീമുകളും മത്സരത്തിനിറങ്ങും.
മത്സരം പകല്‍ മൂന്നിന് പി കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം. പ്രവേശനം സൗജന്യമാണ്. ജില്ലാ ഭരണവിഭാഗം, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഒരു ഫുട്‌ബോള്‍ മത്സരം നടത്തുന്നത്.

Sharing is caring!